Sorry, you need to enable JavaScript to visit this website.

റോബിന്‍ ബസിനു നല്‍കിയ അനുമതി ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി

കൊച്ചി- മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന്‍ ബസിന് ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം.
റോബിന്‍ ബസ് നിയമ ലംഘനങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ചു ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി വീണ്ടും പരിഗണിച്ചത്. റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കാനെടുത്തത്. 2023 മെയ് മാസത്തില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹരജിക്കാരുടെ വാദം.

 മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ റോബിന്‍ ബസിന് കോടതി ഇടക്കാല ഉത്തരവില്‍ അനുവാദം നല്‍കിയിരുന്നു. പെര്‍മിറ്റ് ചട്ടലംഘനമുണ്ടായാല്‍ പിഴ ഈടാക്കി വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. മറ്റ് ചില ഹരജിക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ഇട്ട നടപടിയും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കുക
അമേരിക്കന്‍ ടാങ്കുകളും സൈനികരും ഇസ്രായിലില്‍; വീഡിയോ വസ്തുത
നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം

Latest News