ഭുവനേശ്വര്‍-ഒഡിഷയിലെ കേന്ദ്രപാറയില്‍ ബ്രാഹ്മണരുടെ മൃതദേഹം മാത്രം സംസ്‌കരിക്കുന്ന ശ്മശാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശ്മശാനം അടുത്ത കാലത്താണ് സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നവീകരിച്ചത്. ബ്രാഹ്മണ ശ്മശാനം എന്ന പേരില്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
155 വര്‍ഷം പഴക്കമുള്ള കേന്ദ്രപാറ മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ഏറ്റവും പഴയ തദ്ദേശസ്വയംഭരണസ്ഥാപനമാണ്. ബ്രാഹ്മണരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഏറെക്കാലമായി ശ്മശാനം ഉപയോഗിക്കുന്നുണ്ടെങ്കിലും നവീകരിച്ചതിന് ശേഷം അടുത്തിടെയാണ് ഔദ്യോഗിക ബോര്‍ഡ് സ്ഥാപിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതര ജാതിയിലുള്ളവര്‍ തൊട്ടടുത്തുള്ള മറ്റൊരു ശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ജാതിവിവേചനത്തില്‍ നടപടിയെടുക്കുമെന്നും കേന്ദ്രപാറ മുനിസിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രഫുല്ല ചന്ദ്ര ബിസ്വാള്‍ പറഞ്ഞു.
മുനിസിപ്പാലിറ്റി വളരെക്കാലമായി ബ്രാഹ്മണര്‍ക്ക് മാത്രമായി ഒരു ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് ഒഡീഷ ദളിത് സമാജിന്റെ ജില്ലാ യൂണിറ്റ് പ്രസിഡന്റ് നാഗേന്ദ്ര ജെന പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനം നിയമം ലംഘിക്കുകയും ജാതി വിവേചനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ഗയാധര്‍ ധാല്‍ പറഞ്ഞു.
ദളിത് ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
അമേരിക്കന്‍ ടാങ്കുകളും സൈനികരും ഇസ്രായിലില്‍; വീഡിയോ വസ്തുത
നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം