കൊച്ചി- സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയുടെ രൂക്ഷത കുറഞ്ഞു. അതേസമയം എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ 14 വരെ റെഡ് ലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നു കൂടി റെഡ് അലര്‍ട്ടുണ്ട്. 14 വരെ ഓറഞ്ച് അലര്‍ട്ടും. ആലപ്പുഴ, എറണാകുളം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പും ഉണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.
ഇതുവരെ 31 പേരുടെ ജീവന് കവര്‍ന്ന ദുരിതത്തെ തുടര്‍ന്ന് വിവിധ ജില്ലകളിലായി 513 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 60,622 പേര് ക്യാമ്പുകളില്‍ കഴിയുന്നു. ദുരിതം നേരിട്ടറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിലെത്തും. ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ചുറ്റിക്കാണും. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് എന്നിവരുമായും രാജനാഥ സിങ് കൂടിക്കാഴ്ച നടത്തും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഓരോ കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ 3,800 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സഹായം, പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ എന്നിവ നല്‍കും.
ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയും നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു വന്‍തോതില്‍ ജലം ഒഴുക്കിവിടുന്നത് മൂന്നാം ദിവസവും തുടര്‍ന്ന് ജലനിരപ്പ് താഴാന്‍ സഹായിച്ചു. ഞായറാഴ്ച ഒമ്പതു മണിക്ക് ഇടുക്കിയിലെ ജലനിരപ്പ് 2399.20 അടിയാണ്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്