Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ കയറിയ യാത്രക്കാരോട് വിമാന കമ്പനി കാണിച്ചത് ക്രൂരത, പറഞ്ഞു പറ്റിച്ച് ഇറക്കി വിട്ട് വഴിയാധാരമാക്കി

ബെംഗളുരു - ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയ യാത്രക്കാരെ പറഞ്ഞ് പറ്റിച്ച് വഴിയാധാരമാക്കി ഇന്‍ഡിഗോ വിമാന കമ്പനി. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വിമാനത്തില്‍ കയറിയിരുന്ന യാത്രക്കാരെ തന്ത്രപരമായി ഇറക്കി വിട്ട ശേഷം യാത്ര റദ്ദാക്കുകയായിരുന്നു. അമൃത്സറില്‍ നിന്ന് ബെംഗളുരു വഴി ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ ആറ് യാത്രക്കാരാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് വിമാനം ബെംഗളുരുവിലെത്തിയത്. ബെംഗളുരുവിലേക്കുള്ള യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്കായി വിമാനത്തിലുണ്ടായിരുന്നത് ആറ് യാത്രക്കാരായിരുന്നു. ഇവരെ വിമാനക്കമ്പനിയുടെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാര്‍ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു വിമാനത്തിലെ ബോര്‍ഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് പറഞ്ഞാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിമാനത്താവളത്തിലെത്തിക്കുന്നത്. എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് ഇത്തരമൊരു ക്രൂരത വിമാന കമ്പനി ചെയ്തതെന്ന് യാത്രക്കാര്‍ മനസിലാക്കുന്നത്. രാത്രിയില്‍ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവര്‍ക്ക് ബെംഗളുരുവില്‍ തങ്ങേണ്ടതായി വരികയായിരുന്നു. യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം.  എന്നാല്‍ താമസ സൗകര്യം നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് പിറ്റേദിവസം വിവിധ വിമാനങ്ങളിലായി ടിക്കറ്റ് നല്‍കിയെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. രണ്ട് യാത്രക്കാര്‍ക്ക് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ താമസം നല്‍കിയെന്നും മറ്റുള്ളവര്‍ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ തന്നെ തുടരുകയാണെന്ന് തങ്ങളെ അറിയിക്കുകയായിരുന്നെന്നുമാണ് വിമാനക്കമ്പനി  പറയുന്നത്. 

 

Latest News