Sorry, you need to enable JavaScript to visit this website.

മുസ്‌ലീം ലീഗില്‍ ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തെത്തുമെന്ന് ഇ പി ജയരാജന്‍, അവസാനവാക്ക് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍/മലപ്പുറം - മുസ്‌ലീം ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ടെന്നും ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.  പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ജയരാജന്‍ പറഞ്ഞു. ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോണ്‍ഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക്ക് ് പല സീറ്റും ജയിക്കാന്‍ പറ്റുന്ന പാര്‍ട്ടി ആണ് ലീഗ്. കോണ്‍ഗ്രസ് ഒറ്റക്ക് നിന്നാല്‍ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 
മുസ്‌ലീം  ലീഗ് യു ഡി എഫ് വിടുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റിവെയ്ക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ലീഗില്‍ പലവെള്ളവും തിളയ്ക്കുന്നുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞത്.
ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇതിന് മറുപടിയുമായി മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ലീഗിന്റെ ചരിത്രവും രീതികളും അറിയാത്തതുകൊണ്ടാണ് ഇ പി ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പി കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗില്‍ ഒരു രീതിയാണുള്ളത്. അത് കാലാകാലങ്ങളായി തുടരുന്നതാണ്. ഏതു സ്ഥാനത്തിരുന്നാലും പാണക്കാട് തങ്ങള്‍മാര്‍ പറയുന്ന അഭിപ്രായത്തിന് വിരുദ്ധമായി നിന്നിട്ടില്ല. ലീഗിന് ഒറ്റ നിലപാടെയുള്ളു ലീഗിന്റെ അവസാന വാക്ക് അതിന്റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. അതിന് വ്യത്യസ്തമായി യാതൊരു അഭിപ്രായവും എനിക്കില്ല.  യു ഡി എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News