ദോഹ-ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ അറിയിച്ചു. ടെലഗ്രാമില്‍ നല്‍കിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹമാസ് ബന്ദികളായി പിടിച്ച 240 ഓളം ബന്ദികളെ വിട്ടയക്കുന്നതിനുള്ള കരാറിലെത്താനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഖത്തറാണ് മാധ്യസ്ഥം വഹിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യാലയം പ്രവര്‍ത്തിക്കുന്ന ഖത്തറിലാണ് ഇസ്മായില്‍ ഹനിയ്യയുടെ ആസ്ഥാനം.
ഇടക്കാല വെടിനിര്‍ത്തലിനു പകരം ഏതാനും ബന്ദികളെ വിട്ടയക്കാനുള്ള ധാരണ അവസാനഘട്ടത്തില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളില്‍ ഉടക്കിയിരിക്കയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു.
ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ആക്രമണത്തില്‍ മരണസംഖ്യ 13,300 ആയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.