ലണ്ടന്‍-ഇന്ത്യയില്‍ മാത്രമല്ല ബ്രിട്ടനിലെ ട്രെയിന്‍ യാത്രകളും സ്ത്രീകള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ട്രെയിന്‍ യാത്ര ദുരിതയാത്രയായി മാറുന്നുവെന്ന് കണക്കുകള്‍. യാത്രക്കിടയില്‍ നാലിലൊന്ന് സ്ത്രീ യാത്രക്കാര്‍ക്ക് ലൈംഗിക പീഡനവും, അതിക്രമവും നേരിടേണ്ടി വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ട്രെയിനുകള്‍ തിരക്ക് കൂടുന്ന വൈകുന്നേകം 5 മുതല്‍ 7 വരെ സമയത്താണ് ഭൂരിപക്ഷം അതിക്രമങ്ങളും അരങ്ങേറുന്നത്.
അതേസമയം, സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹയാത്രികര്‍ കണ്ണടച്ച് ഇരിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് യാത്രക്കാര്‍ സഹായത്തിനായി ഇടപെട്ടതായി 51 ശതമാനം ഇരകള്‍ വ്യക്തമാക്കി. എന്നാല്‍ 18 ശതമാനം ദൃക്സാക്ഷികള്‍ മാത്രമാണ് വിഷയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നത്.
അശ്ലീല രീതിയിലുള്ള നോട്ടം, ചൂളമടി, സ്പര്‍ശനം, കൈയ്യേറ്റം, വസ്ത്രത്തിന് അടിയിലൂടെ വീഡിയോ ചിത്രീകരിക്കല്‍, മോശമായ ശരീര പ്രദര്‍ശനം എന്നിങ്ങനെയുള്ള അതിക്രമങ്ങളാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത് മുന്‍പത്തേക്കാള്‍ ഏറെ വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് പോള്‍ ഫര്‍ണെല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഫോണിലും, പത്രങ്ങളിലും മുഴുകി ഇരിക്കാതെ നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നോക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. തെറ്റായ എന്തെങ്കിലും കണ്ടാല്‍ ഇതില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്', ഫര്‍ണെല്‍ ആവശ്യപ്പെട്ടു. ഈ ദുഷ്പെരുമാറ്റം ഇല്ലാതാക്കുന്നത് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിനെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഫ്തിയില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാണ് പട്രോളിംഗ് നടത്തുകയും, പ്രതികളെ തിരിച്ചറിയുകയും ചെയ്യുന്നത്.