ന്യൂദല്‍ഹി-ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 9 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്തത്. ഞായറാഴ്ച മാത്രം 4,56,910 യാത്രക്കാരുമായാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ശനിയാഴ്ച ഇത് 4,56,748 വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷം യാത്രക്കാര്‍ കൂടുതലായി വിമാനയാത്രയെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഈ വളര്‍ച്ചയ്ക്ക് സഹായകമായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം എക്സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് തകര്‍ത്തത്. നവംബര്‍ 19ന് 3,93,391 ആഭ്യന്തര യാത്രക്കാരാണ് വിമാനങ്ങളില്‍ പറന്നത്. 5,506 വിമാന സര്‍വീസുകളാണ് നടത്തിയത്. എന്നാല്‍ ഞായറാഴ്ച 5,958 വിമാനങ്ങളാണ് പറന്നുയര്‍ന്നത്.ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി മാറുന്നതില്‍ നിന്ന് രാജ്യത്തെ തടയാന്‍ സാധിക്കില്ലെന്ന് റെക്കോര്‍ഡ് നമ്പര്‍ പങ്കുവെച്ച് കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചു.