ചണ്ഡീഗഢ്-ലൈംഗിക പീഡനം, കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവവും ദേര സച്ച സൗധ തലവനുമായ ഗുര്‍മീത് റാം റഹിം സിങിനു വീണ്ടും പരോള്‍ അനുവദിച്ചു. ഇത്തവണ 21 ദിവസത്തേക്കാണ്. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇയാള്‍ക്ക് പരോള്‍ കിട്ടുന്നത്. 2017ല്‍ ജയിലിലായതിനു ഇത് അഞ്ചാം തവണയും.
ശിക്ഷയുടെ ഭാഗമായി റോഹ്ത്തകിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത്. ജയിലില്‍ നിന്നു ഉത്തര്‍പ്രദേശിലെ ഷാ സത്‌നാം ആശ്രമത്തിലേക്ക് മാറിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച കേസിലും ദേര സൗധ മാനേജരായ രഞ്ജിത് സിങിനെ കൊലപ്പെടുത്തിയ കേസിലുമാണ് ശിക്ഷ അനുഭവിക്കുന്നത്. പീഡനത്തിനു 20 വര്‍ഷവും കൊലക്കേസില്‍ ജീവപര്യന്തവുമാണ് ശിക്ഷ.