കഴിഞ്ഞ ദിവസം 93-ാമത്തെ വയസ്സിൽ ചെന്നൈയിൽ മരിച്ച റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണനെ നേരിട്ടറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒപ്പ് എല്ലാവരും എത്രയോ തവണ കണ്ടിരിക്കും- കാരണം ഇന്ത്യൻ കറൻസികളിലെ ഒപ്പ്. ഇതിനെല്ലാം അപ്പുറം അദ്ദേഹത്തിന്റെ ജീവിതം മറ്റു പല കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട മാധ്യമ വാർത്തകൾ വിവരിക്കുന്നു. അദ്ദേഹത്തെയും ജീവിച്ച കാലവും നേതാക്കളെയുമെല്ലാം കുറച്ചൊക്കെ മനസ്സിലാക്കാൻ ഈ വാർത്തകൾ സഹായിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ കേരളീയനായിരുന്നു അദ്ദേഹം. ശുചീന്ദ്രത്തുകാരനായ അധ്യാപകൻ ശങ്കരനാരായണ അയ്യരുടെ പുത്രനായി 1931 ജനുവരി 28 ന് ജനനം. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമൻ. സ്കൂൾ ഫൈനൽ ഒന്നാം റാങ്കോടെ പാസായപ്പോൾ കിട്ടിയ സമ്മാനം രാജചിഹ്നമായ ശംഖുമുദ്ര പതിപ്പിച്ച സൈക്കിൾ. ആ കാലത്ത് അതൊരു ആഡംബര വാഹനം തന്നെയായിരുന്നു. പറഞ്ഞിട്ടെന്ത്, സമ്മാനവും ശംഖു ചിഹ്നവുമൊന്നുമായിരുന്നില്ല വെങ്കിട്ടരമണനെ നയിച്ചത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ ചേർന്നപ്പോഴേക്കും വിപ്ലവം തലക്ക് പിടിച്ചു തുടങ്ങിയിരുന്നു. ഞരമ്പുകളിൽ ചെഞ്ചോര തിളയ്ക്കുന്ന കമ്യൂണിസ്റ്റ്. രാജമുദ്രയുള്ള സൈക്കിളുമായി രമണനെ പോലുള്ളവർ തിരുവനന്തപുരത്ത് ഓടിയതിന്റ ബാക്കിയായിരിക്കാം യൂനിവേഴ്സിറ്റി കോളേജിനെ പിന്നീടും ചുവപ്പിച്ചു നിർത്തിയത്. കൽക്കത്ത തിസീസ് കാലത്ത് ഒളിവിൽ കഴിഞ്ഞ നേതാക്കൾക്ക് സന്ദേശമെത്തിക്കാൻ മാത്രം കടുംചുവപ്പായിരുന്ന ചെറുപ്പക്കാരൻ.
സ്റ്റാലിന്റെ പൗത്രൻ (കൊച്ചുമോൻ) വെങ്കിട്ടരമണൻ വിമർശനത്തിന് മറുപടി പറയും എന്നായിരുന്നു സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ. അതിന് മറുപടി പറഞ്ഞ വെങ്കിട്ടരമണൻ സ്റ്റാലിൻ പൗത്രൻ എന്ന വിശേഷണം ബഹുമതിയായാണ് എടുത്തത്. ജീവശാസ്ത്രപരമല്ലെങ്കിലും താൻ സ്റ്റാലിന്റെ ആദർശ പൗത്രനാണ് എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട്.
കമ്യൂണിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഒരു ചർച്ച യൂനിവേഴ്സിറ്റി കോളേജിൽ കത്തിക്കയറുന്നു. കോളേജ് പ്രിൻസിപ്പലായിരുന്ന സി.എസ്. വെങ്കിടേശ്വരത്തിന്റെ മകൻ സുബ്രഹ്മണ്യം ഈ വേദിയിൽ രമണനെയും കമ്യൂണിസത്തെയും ശരിക്കുമൊന്നു കളിയാക്കി- അങ്ങ് റഷ്യ വരെ ചെന്നെത്തുന്ന പരിഹാസം. സ്റ്റാലിന്റെ പൗത്രൻ (കൊച്ചു മോൻ) വെങ്കിട്ടരമണൻ വിമർശനത്തിന് മറുപടി പറയും എന്നായിരുന്നു സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ. അതിന് മറുപടി പറഞ്ഞ വെങ്കിട്ടരമണൻ സ്റ്റാലിൻ പൗത്രൻ എന്ന വിശേഷണം ബഹുമതിയായാണ് എടുത്തത്. ജീവശാസ്ത്ര പരമല്ലെങ്കിലും താൻ സ്റ്റാലിന്റെ ആദർശ പൗത്രനാണ് എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട്.
അന്നത്തെ പത്രങ്ങളിൽ സ്റ്റാലിന്റെ തിരുവനന്തപുരത്തെ പൗത്രനെക്കുറിച്ച് വാർത്ത വരിക സ്വാഭാവികം.
പതിവ് തെറ്റിക്കാതെ എം.എസ്സിയും ഒന്നാം റാങ്കോടെ പാസായപ്പോൾ യൂനിവേഴ്സിറ്റി കോളേജിൽ തന്നെ അധ്യാപക ജോലി കിട്ടി. അധ്യാപനമൊന്നും വെങ്കിട്ടരമണന് ദഹിച്ചില്ല. പാർട്ടി, പാർട്ടി എന്ന ചിന്ത മാത്രം- ഭാഗ്യം. അന്ന് പാർട്ടിയുടെ സിറ്റി സെക്രട്ടറി കെ.വി. സുരേന്ദ്ര നാഥായിരുന്നു. ചെറുപ്പക്കാരിലൊക്കെ വലിയ തോതിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കമ്യൂണിസ്റ്റ് പ്രബോധകൻ. ആശാനാണ് (കെ.വി. സുരേന്ദ്ര നാഥ്) വെങ്കിട്ടരമണനോട് സിവിൽ സർവീസിന് പോകാൻ ഉപദേശിച്ചത്. ഒന്നാം റാങ്കിൽ സിവിൽ സർവീസ് ജയിച്ചപ്പോൾ കമ്യൂണിസ്റ്റ് സഹയാത്രികൻ എന്ന 'പേരുദോഷം' നിയമനത്തിന് തടസ്സമായി. ലോകവും കമ്യൂണിസവുമൊക്കെ എവിടെ വരെ എത്തും എന്ന് അന്നേ അറിയാമായിരുന്ന നെഹ്റു ഒരു കാര്യം ചെയ്തു- ഇങ്ങനെ നിഷേധിക്കപ്പെട്ടവരുടെ ഫയലൊക്കെ അയച്ചു കൊടുക്കാനുള്ള നിർദേശം അദ്ദേഹം നൽകി. വെങ്കിട്ടരമണന്റെ ഫയൽ കണ്ട നെഹ്റു ഇങ്ങനെ കുറിച്ചു- ഇത്ര കണ്ട് സമർഥനായ യുവാവിന്റെ സേവനം വേണ്ടെന്നു വെയ്ക്കാൻ ഇന്ത്യക്ക് സാധ്യമല്ല. അയാൾ ഒരു അരാജക വാദിയാണെങ്കിൽ പോലും നിയമനം നൽകുക- ഏത് മൂത്ത വിപ്ലവകാരിയെയും മെരുക്കാൻ ഇന്ത്യൻ സംവിധാനത്തിനാവുമെന്ന ആത്മവിശ്വാസം നെഹ്റുവിനുണ്ടായിരുന്നു. പിന്നീട് വെങ്കിട്ടരമണൻ ഇന്ത്യൻ സമ്പദ്മേഖലയുടെ ക്രൈസിസ് മാനേജറായതൊക്കെ ചരിത്രം.
മസൂറിയിൽ ഐ.എ.എസ് പരിശീലനം പൂർത്തിയായപ്പോൾ പ്രധാനമന്ത്രിയെ പരിചയപ്പെടാൻ വെങ്കിട്ടരമണനും അവസരം കിട്ടി. വെങ്കിട്ടരമണനെ തിരിച്ചറിഞ്ഞ നെഹ്റു അടുത്ത് വിളിച്ച് തോളിൽ തട്ടി ചെവി ചേർത്ത് വെച്ച് ഒരുപദേശം കൊടുത്തു- സെന്റ് ജോർജ് കോട്ടയിൽ ചെങ്കൊടി ഉയർത്താൻ ധിറുതി കാട്ടരുത് കേട്ടോ. നെഹ്റുവിന്റെ വാത്സല്യം കണ്ട് വെങ്കിട്ടരമണൻ കരഞ്ഞെന്ന് അദ്ദേഹം തന്നെ പിന്നീടെഴുതി. തമിഴ്നാട് സർക്കാരിന്റെ അന്നത്തെ ആസ്ഥാനമായിരുന്നു സെന്റ് ജോർജ് കോട്ട. മദ്രാസ് കാഡറായിരുന്നു സിവിൽ സർവീസിൽ അദ്ദേഹം തെരഞ്ഞെടുത്തത്. 1985-89 കാലത്ത് കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായപ്പോഴാണ് റിസർവ് ബാങ്ക് ഗവർണറായത്. അന്നാണ് ഇന്ത്യ ആഗോളവൽക്കരണത്തിലേക്ക് മാറിയത്. അതേപ്പറ്റി വെങ്കിട്ടരമണൻ പ്രതികരിച്ചത്, കാൾ മാർക്സ് ഉണ്ടായിരുന്നുവെങ്കിലും പഴയ തത്വങ്ങളിൽ നിന്ന് മാറുമായിരുന്നു എന്നാണ്. കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ് സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ സഹോദരി പുത്രിയാണ്.