Sorry, you need to enable JavaScript to visit this website.

റോബിന്‍ ബസ് തിരിച്ചുകിട്ടണം-ഉടമ,  പിഴ അടച്ചാല്‍ നല്‍കാം-അധികൃതര്‍

കോയമ്പത്തൂര്‍- പെര്‍മിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട്ടില്‍ ഗാന്ധിപുരം ആര്‍.ടി.ഒ കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമ ഇന്ന് ആര്‍.ടി ഓഫീസില്‍ കത്ത് നല്‍കും. ഗാന്ധിപുരം ആര്‍.ടി ഓഫീസിലെത്തിയാണ് കത്ത് നല്‍കുന്നത്. നിയമപോരാട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം സര്‍വീസിനിറങ്ങിയ റോബിന്‍ ബസ് രണ്ടാം ദിവസവും കേരളത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം പിടികൂടി 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് തമിഴ്നാട്ടിലെത്തിയ ബസിന് വന്‍പിഴയാണ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് ചുമത്തിയത്.
ഞായറാഴ്ച പിടികൂടിയ ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ഓഫീസിലേക്ക് മാറ്റി. ഉച്ചയോടെ കോയമ്പത്തൂരില്‍ എത്തേണ്ട ഈ ബസിലെ യാത്രക്കാരെ വാളയാര്‍ വരെ തമിഴ്നാട് ബസിലും അതിന് ശേഷം പത്തനംതിട്ട വരെ ബസ് ഉടമ ഗിരീഷ് ഏര്‍പ്പെടുത്തിയ ബസിലും ആണ് എത്തിച്ചത്. ഞായറാഴ്ച ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തി തുടര്‍നടപടി സ്വീകരിച്ച ശേഷം മാത്രമേ വാഹനം വിട്ടുകിട്ടൂ. ചൊവ്വാഴ്ച റോബിന്‍ ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച വിധി വരാനിരിക്കെ കേരള സര്‍ക്കാരുമായി ചേര്‍ന്നുള്ള നാടകമാണ് തമിഴ്നാട്ടിലേതെന്ന് ബസുടമ ആരോപിച്ചു. കേരളത്തില്‍ നിന്ന് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചത്. പിഴ ഈടാക്കിയ ശേഷമേ ബസ് വിട്ടുതരൂവെന്ന് അധികൃതര്‍ അറിയിച്ചതായാണ് റോബിന്‍ ബസുടമ ഗിരീഷ് വ്യക്തമാക്കിയത്. ലംഘനം എന്താണെന്ന് ആര്‍.ടി.ഒ അധികൃതര്‍ കൃത്യമായി വ്യക്തമാക്കിയില്ലെന്നാണ് ആരോപണം. അതേസമയം ദേശസാല്‍കൃത റൂട്ടുകളിലൂടെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രധാനമായും റോബിന്‍ ബസിനെതിരായി ഉദ്ദേശിച്ചാണ് ഈ ഹര്‍ജി.
 

Latest News