കോയമ്പത്തൂര്‍- പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് റോബിനെ തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പ്രതികരണവുമായി ഉടമ ഗിരീഷ് രംഗത്ത്. കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചുവച്ചതെന്ന് ഗിരീഷ് കോയമ്പത്തൂരില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ നിസ്സഹായരാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നോട് സ്വകാര്യമായി പറഞ്ഞ കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉന്നതങ്ങളില്‍ നിന്ന് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് ബസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതുകൊണ്ട് തമിഴ്നാട് പിടിച്ചെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരള സര്‍ക്കാരിന്റെ മാനം കാക്കാനാണ് എന്റെ വണ്ടി ഇവിടെ പിടിച്ചുവച്ചിരിക്കുന്നത്. നമ്മള്‍ ആരും ഇവിടെ വഴക്കുണ്ടാക്കാന്‍ വന്നതല്ലല്ലോ, ഞങ്ങളെ ഒരു തീവ്രവാദിയായിട്ടാണ് കാണുന്നത്'- ഗിരീഷ് പറഞ്ഞു. അതേസമയം, പെര്‍മിറ്റ് ലംഘിച്ചതിനാണ് തമിഴ്നാട് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ബസിനെ കസ്റ്റഡിയിലെടുത്തത്. സര്‍വീസ് നടത്തുന്നതിനിടയില്‍ കേരളത്തിലും തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ എംവിഡി റോബിനെ കഴിഞ്ഞ ദിവസം തടഞ്ഞുനിര്‍ത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലും പിഴ ചുമത്തിയിരുന്നു. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
പതിവ് പരിശോധനകളുടെ ഭാഗമായാണ് റോബിന്‍ ബസില്‍ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. റോബിന്‍ ബസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്‌നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചു.