- സ്ഥിരീകരണമില്ല
- പ്രചരണവുമായി ബി. ജെ. പി നേതാക്കള്‍
ന്യൂദല്‍ഹി- ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ജി. ഡി. പി ആദ്യമായി നാല് ട്രില്യണ്‍ ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്ക്രാര്യം ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസറ്റിക്കല്‍ ഓഫീസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ബി. ജെ. പി നേതാക്കളും ബി. ജെ. പി- ആര്‍. എസ്. എസ്് പിന്തുണയുള്ള സാമൂഹ്യ മാധ്യമ ഹാന്റിലുകളും ഇക്കാര്യം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരും സാമൂഹ്യ മാധ്യമങ്ങളില്‍ നാല് ട്രില്യന്‍ നേട്ടം പോസ്റ്റ് ചെയ്യുന്നുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങള്‍ക്കുമുള്ള തത്സമയ ട്രാക്കിംഗ് ജി. ഡി. പി ഫീഡില്‍ നിന്നുള്ള സ്‌ക്രീന്‍ഗ്രാബ് ഉപയോഗിച്ചാണ് ബി. ജെ. പി നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.
ഇന്ത്യയുടെ ആഗോള സാന്നിധ്യത്തില്‍ ഇതൊരു സുപ്രധാന നിമിഷമാണെന്ന് സ്‌ക്രീന്‍ ഗ്രാബ് പങ്കുവെച്ച് കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ പരിവര്‍ത്തന നേതൃത്വം ഇന്ത്യയെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് നയിച്ചുവെന്നും കുറിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇതേ ഫോട്ടോ പങ്കുവെച്ച് 'ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ നേതൃത്വം ഇങ്ങനെയാണ്' എന്നാണ് കുറിച്ചത്.
ക്യാബിനറ്റ് മന്ത്രി ജി കിഷന്‍ റെഡ്ഡി 'ജി. ഡി. പി ആദ്യമായി 4 ട്രില്യണ്‍ ഡോളറിലെത്തുകയും മുന്നോട്ട് നീങ്ങുകയും ചെയ്തതിന് അഭിനന്ദനങ്ങള്‍. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക്- മോദി കി ഗ്യാരന്റി എന്നാണ് കുറിച്ചത്.
ബി. ജെ. പിയുടെ ആന്ധ്രാപ്രദേശ് പ്രസിഡന്റ് ഡി. പുരന്ദേശ്വരി 'ഇന്ത്യ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറിയതിന് അഭിനന്ദനങ്ങള്‍! കഴിഞ്ഞ 9.5 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നതും നടപ്പിലാക്കിയതുമായ പരിഷ്‌കാരങ്ങളിലൂടെയാണ് ഈ അത്ഭുതകരമായ നേട്ടം സാധ്യമാക്കിയത്' എന്നും കുറിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം മാറാന്‍ രണ്ട് വര്‍ഷം കൂടി മാത്രമേ എടുക്കൂ എന്നാണ് ഈ നേട്ടത്തെ അഭിനന്ദിച്ച് ഗൗതം അദാനി പറഞ്ഞത്.
'അഭിനന്ദനങ്ങള്‍, ഇന്ത്യ. ജപ്പാനെ 4.4 ട്രില്യണ്‍ ഡോളറും ജര്‍മ്മനിയെ 4.3 ട്രില്യണ്‍ ഡോളറും മറികടന്ന് ആഗോള ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നതിന് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ത്രിവര്‍ണ്ണ കുതിച്ചുചാട്ടം തുടരുന്നു! ജയ് ഹിന്ദ്,' എക്സില്‍ അദാനി പറഞ്ഞു.