Sorry, you need to enable JavaScript to visit this website.

വീട്ടുമുറ്റത്തും കൃഷിയിടത്തിലും പാമ്പുകളിഴഞ്ഞ് മറയൂര്‍; പിടികൂടിയത് 14 എണ്ണം

മറയൂര്‍ കോട്ടകുളത്തെ വീട്ടുമുറ്റത്ത് എത്തിയ മൂര്‍ഖന്‍

ഇടുക്കി- പാമ്പിഴയും താഴ്വരയായി മറയൂര്‍. ഒരു മാസത്തിനിടെ ഇവിടെ നിന്ന് പിടികൂടിയത് 14 വിഷപ്പാമ്പുകളെ. കടകള്‍, വീട്ടുമുറ്റം, കൃഷിയിടം, തേയിലത്തോട്ടം എന്നിവിടങ്ങളിലെല്ലാം പാമ്പുകള്‍ ഇഴയുന്നു.  പെരുമ്പാമ്പ്, മൂര്‍ഖന്‍ എന്നിവയാണ് കൂടുതല്‍. കാലാവസ്ഥ വ്യതിയാനത്തില്‍ തണുപ്പ് തേടി പാമ്പുകള്‍ പുറത്തിറങ്ങുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാമ്പ് പിടിക്കാന്‍  പരിശീലനം സിദ്ധിച്ച വനം വാച്ചര്‍മാരായ സെല്‍വരാജ്, ഗണപതി എന്നിവരാണ് കഴിഞ്ഞ മാസം മാത്രം 14 പാമ്പുകളെ പിടികൂടിയത്.    മറയൂര്‍ കോട്ടകുളത്തെ ഒരു വീട്ടില്‍ നിന്നും മൂര്‍ഖനെ ഗണപതി പിടികൂടിയപ്പോള്‍   കാപ്പി സ്റ്റോറില്‍ തേയില തോട്ടത്തിനുള്ളില്‍ കണ്ട 15 അടി നീളമുള്ള പെരുമ്പാമ്പിനെ  സെല്‍വരാജാണ്  പിടികൂടിയത്. പെരുമ്പാമ്പിനെ  പിടികൂടുന്നതിനിടെ കാലില്‍  ചുറ്റിയെങ്കിലും അതിസാഹസികമായി വലിച്ചെടുത്ത് ചാക്കിലാക്കിയാണ് സെല്‍വരാജ് മടങ്ങിയത്.
മറയൂരില്‍ ഒരു വശം  ചന്ദന റിസര്‍വ് വനമേഖലയും മറുവശം ചിന്നാര്‍ വന്യജീവി സങ്കേതവുമാണ്. കഴിഞ്ഞ മാസം ചന്ദന സംരക്ഷണ ജോലിക്കിടെ മൂര്‍ഖന്റെ കടിയേറ്റ വാച്ചര്‍ ഗണേശന്‍ ഇപ്പോഴും ചികിത്സയിലാണ്.  പിറ്റേ ദിവസം ഷെഡിനുള്ളില്‍ നിന്ന് മൂര്‍ഖനെ പിടികൂടി. ഇതിന് ശേഷം ഷെഡില്‍ കിടക്കാന്‍ പോലും വാച്ചര്‍മാര്‍ക്ക് ഭയമാണ്.
 

 

Latest News