Sorry, you need to enable JavaScript to visit this website.

ചെങ്കടലില്‍ ഹൂത്തികള്‍ കപ്പല്‍ റാഞ്ചി; തങ്ങളുടേതല്ലെന്ന് ഇസ്രായില്‍; പിടിച്ചെടുത്തത് ഇന്ത്യയിലേക്കുള്ള കപ്പല്‍

ടെല്‍അവീവ്- തെക്കന്‍ ചെങ്കടലില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ളതും ജാപ്പനീസ് കമ്പനി നടത്തുന്നതുമായ ചരക്ക് കപ്പല്‍ യെമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തതായി ഇസ്രായില്‍ അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര സുരക്ഷ തകര്‍ക്കുന്ന ഇറാന്റെ ഭീകരതയാണ് ഇതെന്ന് ആരോപിക്കുകയും ചെയ്തു. 

ഗാസയില്‍ ഇസ്രായില്‍ യുദ്ധം തുടരുന്നതിനിടെ ഫലസ്തീനിലെ ഹമാസ് പോരാളികള്‍ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ ഇസ്രായിലിന് നേരെ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു.
ഇസ്രായിലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ചെങ്കടലിലും ബാബുല്‍ മന്ദഖ് കടലിടുക്കിലും ഇസ്രായില്‍ കപ്പലുകളെ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഹൂത്തി നേതാവ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
പുതിയ സംഭവത്തെ കുറിച്ച് ഹൂത്തികളുടെ മറുപടി ലഭിച്ചിട്ടില്ല. അതേസമയം, ഇസ്രായില്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവര്‍ത്തിപ്പിക്കുന്നതോ ഇസ്രായില്‍ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ലക്ഷ്യമിടുന്നതായി ഹൂത്തികളുടെ വക്താവ് യഹ്‌യ സരിയ നേരത്തെ ഗ്രൂപ്പിന്റെ ടെലിഗ്രാം ചാനലില്‍ പറഞ്ഞിരുന്നു.
പേരിടാത്ത ഒരു കപ്പല്‍ ഹൂത്തികള്‍ പിടിച്ചെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇതിന്റെ ഉടമസ്ഥതയിലോ പ്രവര്‍ത്തനത്തിലോ  അന്താരാഷ്ട്ര ജീവനക്കാരുടെ കാര്യത്തിലോ  ഇസ്രായില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കപ്പലില്‍ ഇസ്രായേലികളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
കപ്പല്‍ പിടിച്ചെടുത്ത സാഹചര്യം അറിയാമെന്നും
 അത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക പ്രതികരിച്ചു.
തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിനിടെ തെക്കന്‍ ചെങ്കടലില്‍ വെച്ച് ഹൂത്തികള്‍ ഒരു ചരക്ക് കപ്പല്‍ പിടിച്ചെടുത്തതായി ഇസ്രായില്‍ ല്‍ സൈന്യം നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് ആഗോള തലത്തില്‍ വളരെ ഗുരുതരമായ സംഭവമാണെന്നും വിശേഷിപ്പിച്ചു.
ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ കപ്പല്‍ തുര്‍ക്കിയില്‍ നിന്നാണ് പുറപ്പെട്ടത്. ഇസ്രായില്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിവിലിയന്‍മാര്‍ ഉണ്ടെങ്കിലും ഇതൊരു ഇസ്രായിലി കപ്പലല്ലെന്നും ഇസ്രായില്‍  സൈന്യം നല്‍കിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

 

Latest News