ഡെറാഡൂണ്‍- ഉത്തരകാശിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നീളുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കുന്ന ഓഗര്‍ മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെങ്കില്‍ രണ്ട്, രണ്ടര ദിവസം കൊണ്ട് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നവംബര്‍ 12 പുലര്‍ച്ചെ 5.30 ഓടെയാണ് യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം കര്‍ന്നുവീണത്. സില്‍ക്യാരയേയും ഡംഡല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള തുരങ്കത്തിന്റെ നിര്‍മാണമാണ് നടന്നിരുന്നത്. തുരങ്കത്തിന്റെ മുകള്‍ഭാഗം തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഡ്രില്ലിങ് മെഷീന്‍ കേടായതോടെ വെള്ളിയാഴ്ച ഉച്ചയോടെ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തൊഴിലാളികളെല്ലാവരും സുരക്ഷിതരാണെന്നും അവര്‍ക്കുള്ള ഭക്ഷണവും ഓക്‌സിജനും തുരങ്കത്തിലേക്ക് ജലമെത്തിക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ എത്തിച്ചുനല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.