Sorry, you need to enable JavaScript to visit this website.

പൊറുക്കാനാകില്ല ഈ ക്രൂരത: വിശന്നു കരഞ്ഞ കുഞ്ഞിന്റെ വായിലേക്ക് മദ്യമൊഴിച്ച ശേഷം അമ്മയും കാമുകനും തലക്കടിച്ചു കൊന്നു

കന്യാകുമാരി - വിശന്നു കരഞ്ഞ ഒരു വയസുകാരനായ മകന്റെ വായിലേക്ക് മദ്യമൊഴിച്ചു കൊടുത്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ആണ് അതിക്രൂരമായ കൊലപാതകം നടന്നത്.  ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മ പ്രബിഷ (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈൻ (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.  
വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മത്സ്യത്തൊഴിലാളിയായ ചീനുവിൻറെ ഭാര്യയാണ് പ്രബിഷ. അടുത്തിടെ പ്രദേശവാസിയായ മുഹമ്മദ് സദാം ഹുസൈനുമായി പ്രബിഷ  പ്രണയത്തിലായി. ഈ ബന്ധം അറിഞ്ഞതോടെ  ചീനുവും പ്രബിഷയും തമ്മിൽ നിരന്തരം വഴക്കായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് പിൻമാറാൻ പ്രബിഷ തയ്യാറായില്ല. രണ്ട് മക്കളാണ് ചീനുവിനും പ്രബിഷയ്ക്കും ഉണ്ടായിരുന്നത്. നിരന്തരം വഴക്കായതോടെ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബീഷ മുഹമ്മദ് സദാം ഹുസൈനൊപ്പം നാടുവിട്ടു. ഇരുവരും ഒരുമിച്ച് താമസിച്ച് വരവെയാണ് കൊലപാതകം നടക്കുന്നത്. പ്രബിഷയും  മുഹമ്മദ് സദാം ഹുസൈനും രാത്രിയിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് എഴുനേറ്റ്  വിശപ്പ് കാരണം കരഞ്ഞതോടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. ഇതോടെ കുട്ടിയുടെ കരച്ചിൽ ശക്തമായി. പ്രകോപിതനായ മുഹമ്മദ് സദാം ഹുസൈൻ  കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയിൽ അടിക്കുകയും ചെയ്തു. ഇതിന് പ്രബിഷയും കൂട്ടു നിന്നു. അടിയേറ്റ് ബോധം പോയ കുട്ടിയെ പിന്നീട്   നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു.  തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

 

Latest News