അഹമ്മദാബാദ്- ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കോലിയും പുറത്ത്. 29-ാം ഓവറിൽ കമ്മിൻസിന്റെ പന്തിലാണ് കോലി വീണത്. 63 പന്തിൽ 54 റൺസ് എടുത്തുനിൽക്കേ കുറ്റിത്തെറിക്കുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നിലവിൽ ഇന്ത്യയുടെ സമ്പാദ്യം. കെ.എൽ രാഹുലും (67 പന്തിൽ 37) രവീന്ദ്ര ജഡേജയുമാണ് നിലവിൽ ക്രീസിൽ.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പത്താം ഓവർ പിന്നിടുമ്പോഴേക്കും ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പത്തോവറിൽ മൂന്നിന് 82 ൽ പരുങ്ങുകയാണ് ടീം. സ്പിന്നിനെ വിളിച്ചാണ് രോഹിത് ശർമയുടെ (31 പന്തിൽ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമായി 47) ആക്രമണം ഓസീസ് മുനയൊടിച്ചത്. ഗ്ലെൻ മാക്‌സ്‌വെലിനെ തുടർച്ചയായി സിക്‌സറിനും ബൗണ്ടറിക്കും പായിച്ച രോഹിതിനെ അടുത്ത പന്തിൽ സ്പിന്നർ പുറത്താക്കി. കറങ്ങിത്തിരിഞ്ഞ ക്യാച്ച് അതിഗംഭീരമായി ട്രാവിസ് ഹെഡ് കവറിൽ നിന്ന് ഓടിപ്പിടിക്കുകയായിരുന്നു. രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യർ തുടങ്ങിയത്. എന്നാൽ പാറ്റ് കമിൻസിനെ വിക്കറ്റ് കീപ്പർക്ക് എഡ്ജ് ചെയ്തു.
ഇന്ത്യ 6.3 ഓവറിൽ അമ്പത് പിന്നിട്ടത് ലോകകപ്പ് ഫൈനലുകളിലെ റെക്കോർഡാണ്. മിച്ചൽ സ്റ്റാർക്കിന്റെ തുടർച്ചയായ മൂന്നു പന്തുകൾ വിരാട് കോലി അതിർത്തി കടത്തി. റണ്ണൊഴുക്ക് നിയന്ത്രിക്കാൻ എട്ടാം ഓവറിൽ സ്പിന്നർ ഗ്ലെൻ മാക്‌സ്‌വെലിനെ ഓസ്‌ട്രേലിയ വിളിച്ചു.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്ക് എൽ.ബിക്കായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ കുലുങ്ങിയില്ല. ട്രാവിസ് ഹെഡും പാറ്റ് കമിൻസും ആഡം സാംപയും ആദ്യ ഓവറിൽ തന്നെ ബൗണ്ടറികൾ രക്ഷിച്ചു.
എട്ടാമത്തെ പന്തിൽ ക്രീസ് വിട്ടിറങ്ങി രോഹിത് ശർമ ആദ്യ ബൗണ്ടറി പായിച്ചു. അടുത്ത പന്തിൽ കവർെ്രെഡവും ബൗണ്ടറി കടന്നു.
എന്നാൽ ശുഭ്മൻ ഗില്ലിന്റെ തുടക്കം കേമമായില്ല. സ്റ്റാർക്കിനെ എഡ്ജ് ചെയ്തത് ഒന്നാം സ്ലിപ്പിൽ മിച്ചൽ മാർഷിന് പിടിക്കാനായില്ല. നാലാം ഓവറിൽ ജോഷ് ഹെയ്‌സൽവുഡിനെ രോഹിത് സിക്‌സറിനുയർത്തിയത് കഷ്ടിച്ചാണ് ഡീപിൽ ട്രാവിസ് ഹെഡിൽ നിന്നകന്നത്. അതു വകവെക്കാതെ അതേ ഓവറിൽ സിക്‌സറും പിന്നാലെ ബൗണ്ടറിയും പായിച്ചു.
സ്റ്റാർക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപിച്ചത്. ഗിൽ മിഡോണിൽ സാംപക്ക് അനായാസ ക്യാച്ച് നൽകി മടങ്ങി. പക്ഷെ രോഹിതിനെ തടുക്കാനായില്ല. ഓവറിലെ അവസാന പന്ത് രോഹിത് ലോംഗോഫിലൂടെ ഗാലറിയിലെത്തിച്ചു.