കാസര്‍കോട് - നാടിന്റെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനാണ് താന്‍ എത്തിയതെന്നും മന്ത്രിമാര്‍ ഒന്നിച്ചെത്തിയത് ജില്ലയക്ക് ഗുണം ചെയ്യുമെന്നും നവകേരള സദസ്സിന്റെ പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കര്‍. കാസര്‍കോട് മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുസ്‌ലീം ലീഗ് നായന്‍മാര്‍മൂല യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം അബൂബക്കര്‍ വ്യവസായ പ്രമുഖനാണെന്നും ആ നിലയ്ക്കാണ് അദ്ദേഹം നവകേരള സദസ്സിന് എത്തിയതെന്നുമാണ് ലീഗ് നേതാക്കള്‍ വിശദീകരിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്‌കരിക്കണമെന്ന യു ഡി എഫിന്റെ ആഹ്വാനം തള്ളിയാണ് മുസ്ലീം സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. പരിപാടിയുടെ രണ്ടാം ദിവസത്തെ പൗരപ്രമുഖരുടെ പ്രഭാത യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. മുഖ്യന്ത്രിക്ക് തൊട്ടടുത്ത് തന്നെ ഇരിപ്പിടം ലഭിക്കുകയും ചെയ്തു. നവകേരള സദസ്സിലേക്ക് മുസ്ലീം ലീഗ് നേതാക്കള്‍ എത്തുമെന്നും കോണ്‍ഗ്രസിന്റെ നിലപാട് മൂലമാണ് താല്‍പര്യമുണ്ടായിട്ടും പല മുസ്ലീം ലീഗ് നേതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുസ്ലീം ലീഗ് സംസ്ഥന കൗണ്‍സില്‍ അംഗം നവകേരള സദസ്സിന്റെ വേദി പങ്കിട്ടത്.