ഒന്നരമാസം മുമ്പ് അമ്മയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ കുഞ്ഞുമായാണ് അടുത്തിടെ പാര്‍ലമെന്റിലേക്ക് വന്നത്. പ്രസവാവധി നീട്ടാതെ കര്‍ത്തവ്യ നിരതയായ 38 കാരിയായ ന്യൂസിലന്റ് പ്രധാനമന്ത്രി ലോക ശ്രദ്ധ നേടുകയും ചെയ്തു. മകള്‍ നിവിയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒക്കെ പാര്‍ലമെന്റില്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ പടമെടുത്ത ചാനല്‍ വെട്ടിലായി. ടെലിവിഷന്‍ ന്യൂസിലാന്റ് ന്യൂസ് 1 ആണ് പ്രധാനമന്ത്രി മുലയൂട്ടുന്നതിന്റെ പടമെടുത്തത്.
രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്ത ഒരു പരിപാടി കഴിഞ്ഞിട്ട് കുഞ്ഞിന് പാലുകൊടുക്കാന്‍ മുറിയിലേയ്ക്കു പോയ പ്രധാനമന്ത്രിയുടെ പിന്നാലെ ചാനല്‍ ക്യാമറ നീളുകയും ചിത്രം പകര്‍ത്തി ജനത്തെ കാണിക്കുകയും ചെയ്തു. സംഗതി വിവാദമായതോടെ ചാനല്‍ പ്രധാനമന്ത്രിയോട് മാപ്പു ചോദിച്ചു.
പ്രധാനമന്ത്രി എന്ന നിലയിലും അമ്മയെന്ന നിലയിലും തന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന ആളാണ് ജസീന്തായെന്ന് ജനം ചൂണ്ടിക്കാട്ടുന്നു. തിരക്കിനിടയിലും മൂന്നു മണിക്കൂറിനിടെ ജസീന്താ കുഞ്ഞിന് പാല് കൊടുക്കാറുണ്ട്.
ജൂണ്‍ 21 നാണ് ജസീന്ത പെണ്‍കുഞ്ഞിന് ജ•ം നല്‍കിയത്. പ്രസവത്തിനും പരിചരണങ്ങള്‍ക്കുമായി ആറാഴ്ചയാണ് ജസീന്താ അവധി എടുത്തിരുന്നത്. ഈ സമയത്തു അവര്‍ ചുമതല ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന് കൈമാറിയിരുന്നു. എങ്കിലും ക്യാബിനറ്റ് പേപ്പറുകളും മറ്റും വീട്ടിലിരുന്നു നോക്കിയിരുന്നു.