Sorry, you need to enable JavaScript to visit this website.

മെഡിസെപ്പ്: സങ്കടക്കഥകൾ പങ്കിട്ട് ഇരകളുടെ പ്രതിഷേധ സംഗമം

മെഡിസെപ്പ് ഇരകളുടെ സംഗമം തിരുവനന്തപുരത്ത് എം. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം-സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് ജീവനക്കാരുടെ സംഗമം.മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതിയിലെ  ഇരകളുടെ തുറന്നു പറച്ചിൽ എന്നപേരിൽ അസോസിയേഷൻ ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് (അസെറ്റ്) ആണ് സെക്രട്ടറിയേറ്റിനു മുമ്പിൽ  പ്രതിഷേധ സംഗമം നടത്തിയത്. 
സർവീസ് മേഖലയിൽ ഉൾപ്പെടെ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (എഫ്.ഐ.ടി.യു ) ദേശീയ ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ അഭിപ്രായപ്പെട്ടു. തൊഴിൽ എടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ പരിരക്ഷയിൽ നിന്ന് തൊഴിലുടമയായ സംസ്ഥാന സർക്കാർ പൂർണ്ണമായി പിൻമാറിയിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച അസെറ്റ് ചെയർമാൻ കെ. ബിലാൽ ബാബു ആരോപിച്ചു. ക്യാഷ്‌ലെസ് മെഡി ക്ലൈം എന്ന പേരിൽ ആരംഭിച്ച മെഡിസെപ്പ് പദ്ധതി ലെസ് ക്യാഷ് നൽകുന്ന ഒരു ധനസഹായ പദ്ധതി മാത്രമായി മാറി. തൊഴിലുടമയുടെ വിഹിതമില്ലാത്ത മെഡിസെപ്പിൽ സർക്കാർ ഇൻഷുറൻസ് ഏജന്റിന്റെ ജോലി മാത്രമാണ് നിർവഹിക്കുന്നതെന്നും  കെ ബിലാൽ ബാബു അഭിപ്രായപ്പെട്ടു.
തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ എസ്. കമറുദ്ദീൻ, കെ കെ ബഷീർ,  ഹൈറുന്നീസ സി എച്ച് തുടങ്ങിയവർ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു.ടീച്ചേഴ്‌സ് മൂവ്‌മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ബഷീർ വല്ലപ്പുഴ, എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന ട്രഷറർ  ഇ.എച്ച്. ഹനീഫ, ഹയർ എജുക്കേഷൻ ടീച്ചേഴ്‌സ് മൂവ്‌മെൻറ് സംസ്ഥാന ജോ. സെക്രട്ടറി ഡോ. ടി.ഇ.അയ്യൂബ് ഖാൻ, പ്രോഗ്രാം കൺവീനർ കെ.ഹനീഫ,അസെറ്റ് തിരുവനന്തപുരം ജില്ലാ ചെയർമാൻ എം.കെ.ആസിഫ് എന്നിവർ സംസാരിച്ചു.മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയുടെ ദുരന്ത കഥകൾ വിശദീകരിക്കുന്ന തുള്ളൽ പാട്ടും സമര വേദിയിൽ  അരങ്ങേറി.

 

Latest News