ന്യൂദല്‍ഹി - ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാകുന്നു. വെള്ളിയാഴ്ച ഹൈപവര്‍ ഓഗര്‍ ഡ്രില്ലിംഗ് യന്ത്രം സ്തംഭിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തുരക്കല്‍ അവസാനിപ്പിച്ച് പകരം ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങിയ ഇടത്തേക്ക് പാതയൊരുക്കാനാണ് നീക്കം.
ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് 40 പേര്‍ കുടുങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനു ശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നന്നാക്കിയിരുന്നു.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മറ്റൊരു ഡ്രില്ലിംഗ് യന്ത്രം ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡോറില്‍നിന്നു ഇതെത്തിക്കാന്‍ നീക്കം തുടങ്ങിയെങ്കിലും ബദല്‍ മാര്‍ഗം തേടുകയായിരുന്നു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്.
രക്ഷാപ്രവര്‍ത്തനം കഴിവതുംവേഗം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളുടെ കുടുംബങ്ങള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.