കണ്ണൂർ - നവകേരള സദസുമായി മുസ് ലിം ലീഗ് സഹകരിക്കുന്നുണ്ടെന്നും തദ്ദേശസ്ഥാപനങ്ങളും സഹായം നൽകിയിട്ടുണ്ടെന്നും സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും മന്ത്രിസഭയാകെ എത്തിച്ചേരുന്നത് രാജ്യത്ത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് ഈ സര്‍ക്കാര്‍ പരിപാടിക്ക് ലഭിച്ചുവരുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെലവ് ചുരുക്കാനും മന്ത്രിമാരെല്ലാം ഒരു ബസ്സിലാണ് യാത്രചെയ്യുന്നത്. അത് തിരിച്ചറിഞ്ഞിട്ടും ചില കേന്ദ്രങ്ങള്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ജില്ലയില്‍ നവകേരള സദസ്സിന്‍റെ ഭാഗമായി സംഘടിപ്പിച്ച അനുബന്ധ പരിപാടികളിലും പ്രചരണത്തിലും വീട്ടുമുറ്റ യോഗങ്ങളിലും ഉണ്ടായ പങ്കാളിത്തം യു.ഡി.എഫിനെ വിറളി പിടിപ്പിച്ചതുകൊണ്ടാണ് നവകേരള സദസ്സിന്‍റെ വിജയത്തിനുവേണ്ടി സഹായങ്ങള്‍ നല്‍കാന്‍ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ റദ്ദാക്കാനായി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച ബാഹ്യമായ ഇടപെടല്‍ തെളിയിക്കുന്നത്. എന്നിട്ടും യു.ഡി.എഫ് ഭരിക്കുന്ന ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവകേരള സദസ്സ് വിജയിപ്പിക്കാന്‍ സര്‍ക്കാറിനോടൊപ്പം അണിചേരുകയാണുണ്ടായത്.
യു.ഡി.എഫ് രാഷ്ട്രീയമായി ശിഥിലമായിക്കഴിഞ്ഞു. അതുകൊണ്ടാണ് കനഗൊലു മോഡല്‍ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതിലൊന്നാണ് കുറ്റവിചാരണ സദസ്സ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ്സുകാരെ വിചാരണ ചെയ്യാനാണോ കുറ്റവിചാരണസദസ്സ് എന്ന് നേതാക്കള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതിന് കേസില്‍ പ്രതികളായത് കോണ്‍ഗ്രസ്സുകാരാണ്. അവരുടെ പേരിലാണ് കേസ് ഉള്ളത്. അവരാണ് വിചാരണ ചെയ്യപ്പെടേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ചുകൊണ്ട് ജനകീയ വികസന ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. അത് വിചാരണ ചെയ്യേണ്ടതല്ല, ആദരിക്കപ്പെടേണ്ടതാണ്.
അണികള്‍ക്ക് നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നതിനാലാണ് യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നേതാക്കളുടെ ഒത്താശയോടെ നിര്‍മിച്ചത്. പുതിയ ആപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത് ക്രിമിനല്‍ കുറ്റമാണ്. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ഒരു സംഘത്തെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിട്ടുണ്ട്. വ്യാജ വോട്ട് ചേര്‍ക്കലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവും അതിനായി ഫണ്ട് സമാഹരിക്കലും സംബന്ധിച്ച പരാതി നേതൃത്വത്തിന് ലഭിച്ചിട്ടും അതിേډല്‍ യാതൊരു പരിശോധനയും നടത്താതിരിക്കുന്നത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയില്‍ നേതാക്കള്‍ക്കും പങ്കുള്ളതുകൊണ്ടാണെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.