ന്യൂദൽഹി-രാജ്യത്ത് പതിനൊന്ന് ലക്ഷത്തോളം കുട്ടികൾ കഴിഞ്ഞ വർഷം അഞ്ചാം പനി പ്രതിരോധ വാക്‌സീൻ ഡോസ് എടുത്തിട്ടില്ലെന്ന റിപോർട്ട് കൃത്യമല്ലാത്തും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ വാക്‌സീൻ സ്വീകരിക്കാൻ യോഗ്യരായ 2,63,84,580 കുട്ടികളിൽ 2,63,63,270 പേർ ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചു. പുറത്ത് വന്ന റിപോർട്ട് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും യഥാർഥ ചിത്രം പ്രതിഫലിപ്പിക്കുന്നതല്ലെന്നും മന്താലയം അറിയിച്ചു. 2022 ജനുവരിക്കും ഡിസംബറിനുമിടയിലുള്ള യുനിസെഫിന്റെ ദേശീയ രോഗപ്രതിരോധ കവറേജിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 21,310 കുട്ടികൾക്ക് മാത്രമാണ് ആദ്യ ഡോസ് നഷ്ടമായതെന്നും മന്ത്രാലയം പറഞ്ഞു.