Sorry, you need to enable JavaScript to visit this website.

കുങ്കുമപ്പൂക്കള്‍ പൂത്തു; കാന്തല്ലൂരിന്‍ താഴ്‌വരയില്‍

ഇടുക്കി - കവിതകളിലെ പ്രണയകല്‍പ്പനകള്‍ക്ക് ചാരുത പകര്‍ന്ന കുങ്കൂമപ്പൂവ് കാന്തല്ലൂരിലും പൂത്തു. ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ കാന്തല്ലൂര്‍ പെരുമലയില്‍   രാമമൂര്‍ത്തിയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ കുങ്കുമ പൂ കൃഷി ചെയ്തത്. ആദ്യവട്ടം വിജയിച്ചില്ലെങ്കിലും രണ്ടാം തവണ കുങ്കുമപ്പൂക്കള്‍ മണ്ണിനടിയില്‍ നിന്നും തലയുയര്‍ത്തി.  തണുത്ത കാലാവസ്ഥയും മൂടല്‍മഞ്ഞുമുള്ള കാന്തല്ലൂരിന്റെ കാന്തിയേറ്റി സ്‌ട്രോബറിക്കും ബ്ലാക്ക്‌ബെറിക്കും ആപ്പിളിനും ഒപ്പം കുങ്കുമപ്പൂവും എത്തി. കേരള മണ്ണിലെ ആദ്യ കുങ്കുമകൃഷി.  
കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വര്‍ഷം കാന്തല്ലൂരില്‍ കുങ്കുമപ്പൂ കൃഷി പരീക്ഷിച്ചെങ്കിലും കനത്ത മഴയില്‍ പൂക്കള്‍ കൊഴിഞ്ഞുപോയി. എന്നാല്‍ ശ്രമം കൈവിടാതെ ഈ വര്‍ഷവും തട്ടുതട്ടായുള്ള സ്ഥലത്തും പോളി ഹൗസിലുമായി രണ്ട് സ്ഥലങ്ങളില്‍ കൃഷി ചെയ്തപ്പോള്‍ രണ്ടിടത്തും നല്ല വിളവ് കിട്ടി.   വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.സുധാകര്‍, ഡോ.മാരിമുത്തു എന്നിവരുടെ നിരീക്ഷണത്തിലാണ് കുങ്കുമപ്പൂ കൃഷി വിജയം കണ്ടത്. ശ്രീനഗറിലെ പാമ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് വിത്തുകള്‍ കൊണ്ടുവന്നത്.  അടുത്ത വര്‍ഷം അഞ്ചേക്കറില്‍ കൃഷി ചെയ്യാനാണ് പദ്ധതി.
രാജ്യത്ത് കാശ്മീരിലാണ് വന്‍തോതില്‍ കുങ്കുമ പൂവ് കൃഷി ചെയ്യുന്നത്. അവിടത്തേതിനെക്കാള്‍ ഒന്നര മില്ലീമീറ്റര്‍ വലിപ്പം പെരുമലയിലെ പൂവിനുണ്ടെന്ന് വിളവെടുപ്പിനെത്തിയ ബംഗ്ലുരു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.വി വെങ്കിടസുബ്രഹ്മണ്യന്‍ പറഞ്ഞു. ഒരു കിലോ കുങ്കുമപ്പൂവിന് മൂന്നു ലക്ഷം രൂപയാണ് വിപണി വില. കിഴങ്ങുനട്ടാല്‍ 30 മുതല്‍ 50 ദിവസത്തിനകം വിളവെടുക്കാം. ഒരു ഏക്കറില്‍ നിന്ന് 2.5 ലക്ഷം പൂക്കള്‍ വരെ കിട്ടും. ഇതിന് ഒന്നര കിലോ തൂക്കം വരും.    

Latest News