തിരുവനന്തപുരം - ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ വില്ലേജ് ഓഫീസറുടെ പണിയെന്നു പറഞ്ഞ് ആക്ഷേപിച്ച പിണറായി വിജയനും സി.പി.എമ്മും ആ മനുഷ്യസ്നേഹിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചുള്ള പിണറായി സർക്കാറിന്റെ ആഢംബര യാത്രയെ കേരളീയ ജനത അവജ്ഞയോടെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാവും പകലുമില്ലാതെ ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാകും കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുക. കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവൽപ്രശ്നങ്ങൾ പരിഹരിക്കാത്ത സർക്കാർ നവകേരള സദസിൽ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
52 ലക്ഷം പേർക്ക് നാലുമാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. നിരാലംബരായ അവർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും? കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആർ.എസ് വായ്പ നെൽകർഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ അവഗണന നേരിടുകയാണ്. റബ്ബർ കർഷകന്റെ 250 രൂപ താങ്ങുവില എവിടെ? കർഷകരുടെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും?
ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി 9 ലക്ഷം പേർ കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന ഉറപ്പിൽ നിരവധി പേരാണ് കുടിലുകൾ പൊളിച്ചുമാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശൗചാലയം പോലും ഇല്ലാത്ത നിരവധി പേരുടെ ദുരവസ്ഥ നമ്മൾ കണ്ടതാണ്. ഇവർക്ക് ആര് ആശ്വാസം നല്കും? വിലക്കയറ്റത്തിൽ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ എന്ന് എത്തിക്കും?
പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്ക്കുന്നത്. ഇവരെ ആര് സഹായിക്കും? മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസിൽ സഞ്ചരിക്കുമ്പോൾ പാവപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പെൻഷനും ശമ്പളവും ആര് നല്കും? സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരയാത്ര. ആഢംബര ബസിലെ കറങ്ങുന്ന കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാർ തൊഴുത് വണങ്ങി നില്ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.