അഹമ്മദാബാദ് - നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അട്ടിമറിക്കുമെന്ന് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഖലിസ്താന്‍ നേതാവിന്റെ ഭീഷണി. ഗുര്‍പദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. നവംബര്‍ 19ന് നരന്ദ്രമോഡി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും ഇത് തടസ്സപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. ഭീഷണി വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികളും ഗുജറാത്ത് പോലീസും ജാഗ്രതയിലാണ്. അഹമ്മദാബാദ്, ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. യു എസില്‍ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും ഇതിന് മുന്‍പ് മുഴക്കിയിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം വീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തുന്നുണ്ട്. ഖാലിസ്ഥാന്‍ ഭീകരന്‍ ഇത്തരം ഭീഷണി വിഡിയോകള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. നവംബര്‍ 19 ന് ഏയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് കാണിച്ചും ഇയാള്‍ ഭീഷണി സന്ദേശമയച്ചിരുന്നു.