ചെന്നൈ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ എസ് വെങ്കിട്ടരമണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു താമസം.
ആർ.ബി.ഐ യുടെ 18-ാമത് ഗവർണറായിരുന്നു. 1990 മുതൽ 1992 വരെയാണ് അദ്ദേഹം ആർ.ബി.ഐ ഗവർണറായി സേവനമനുഷ്ഠിച്ചത്. 1985 മുതൽ 1989 വരെ അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ആർ.ബി.ഐ ഗവർണറാകും മുമ്പ് ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് സർവീസിൽ ആയിരുന്നപ്പോൾ കർണ്ണാടക ഗവൺമെന്റിന്റെ ഉപദേശകനായും ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
വിദേശമേഖലയിൽ രാജ്യം ബുദ്ധിമുട്ടുകൾ നേരിട്ട സമയത്തായിരുന്നു വെങ്കിട്ടരാമൻ സെൻട്രൽ ബാങ്കിലെ ഗവർണറായിരുന്നത്. 'രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ വളരെ സാമർത്ഥ്യമുള്ള പദ്ധതികളാണ് അദ്ദേഹം നടത്തിയത്. ഐ.എം.എഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന് ആർ.ബി.ഐ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.