തിരുവനന്തപുരം- മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആര്‍ടിസി ബെന്‍സ് ആഡംബര ബസിനായി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു നിര്‍ദേശിച്ചിരിക്കുന്ന കളര്‍കോഡില്‍ ഇളവു നല്‍കിയിട്ടുണ്ട്. മുന്‍നിരയിലെ കസേര 180 ഡിഗ്രി കറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ബസ് നിര്‍ത്തിയിടുമ്പോള്‍ സ്പ്ലിറ്റ് എസി പ്രവര്‍ത്തിപ്പിക്കാനായി പുറത്തുനിന്നുള്ള വൈദ്യുതി കണക്ഷന്‍ നല്‍കാം.
കെഎസ്ആര്‍ടിസി എംഡി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസി വാങ്ങിയ ബസ് സര്‍ക്കാര്‍ വിവിഐപികള്‍ക്കു വേണ്ടിയും ടൂറിസം ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുമെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
സര്‍ക്കാരിലെ വിവിഐപിമാരുടെ യാത്രയ്ക്കായി ഒരു പ്രത്യേക വാഹനം വേണമെന്ന് ജൂലൈ ആറിന് പിആര്‍ഡി വകുപ്പാണ് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി വാങ്ങിയ ബെന്‍സിന്റെ ഷാസി ഇത്തരത്തില്‍ സജ്ജീകരിക്കുകയായിരുന്നു. യാത്രികരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. വാഹനം റജിസ്റ്റര്‍ ചെയ്യാനായി കളര്‍ കോഡില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍ വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.