ഉഡുപ്പി-പ്രവാസി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ നെസരിയിലെ വീട് സന്ദര്‍ശിച്ച് സംസ്ഥാന വനിതാശിശു വികസന, മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍. ഉഡുപ്പി ജില്ലാ ചുമതലകൂടിയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദിനെയും മകന്‍ അസദിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ ചെയ്തത് കൊടും കുറ്റമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കാനാണ് വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചത്. പ്രതിയെ പെട്ടെന്ന് പിടികൂടിയതിലൂടെ പോലീസ് വകുപ്പ് പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. എത്രയും വേഗം നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉഡുപ്പി ജില്ല സമാധാനപരമായ ജില്ലയാണ്. ഇത്തരമൊരു സംഭവം ഇവിടെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, ക്രമസമാധാനം എല്ലാ വിധത്തിലും സംരക്ഷിക്കും. സിസിടിവി സ്ഥാപിക്കുന്നതുള്‍പ്പെടെ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നതിനെക്കുറിച്ച് കലക്ടര്‍, എസ്പി എന്നിവരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
കേസ് അതിവേഗ കോടതി പരിഗണിക്കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് സര്‍ക്കാരിന് എന്ത് നടപടിയെടുക്കാനാകുമോ അത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബെല്‍ഗാമില്‍ ആയിരുന്നെങ്കിലും ഇരയുടെ കുടുംബവുമായും കലക്ടറുമായും ഉന്നത പോലീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. മരിച്ച സ്ത്രീയുടെ സഹോദരങ്ങളെ വിളിച്ചപ്പോള്‍ മുഴുവന്‍ വിവരങ്ങളും ലഭിച്ചു. എവിടെയായിരുന്നാലും കടമയും ഉത്തരവാദിത്തവും നിറവേറ്റുമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ വിദ്യാകുമാരി, ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ എച്ച്. പ്രസന്ന, കോണ്‍ഗ്രസ് നേതാക്കളായ ഗോപാല്‍ പൂജാരി, മുനിയലു ഉദയ ഷെട്ടി, പ്രസാദ് രാജ് കാഞ്ചന്‍, എം.എ.ഗഫൂര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസ് പ്രത്യേക അതിവേഗ കോടതി വിചാരണ ചെയ്യണമെന്നും വേഗത്തില്‍ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നൂര്‍ മുഹമ്മദ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിന് നിവേദനം നല്‍കി.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഈ നിയമം പ്രത്യേക കേസായി പരിഗണിക്കണം. മുതിര്‍ന്ന അഭിഭാഷകന്‍ ശിവപ്രസാദ് ആള്‍വയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുംബത്തെ മുഴുവന്‍ നശിപ്പിച്ച പ്രതിയായ പ്രവീണ്‍ ചൗഗുലെയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രധാന ആവശ്യമെന്ന് മരിച്ച ഹസീനയുടെ സഹോദരന്‍ അഷ്‌റഫ് പറഞ്ഞു.
വേഗത്തിലുള്ള നീതി ലഭിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതിനോട് നീതി പുലര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.