ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സംബന്ധിച്ച് രാജ്യത്തുടനീളമുള്ള വിവിധ ഭാഷാ വാര്‍ത്താ ചാനലുകളടക്കമുള്ള മാധ്യമങ്ങളെ മുഴുസമയം നിരീക്ഷിക്കാന്‍ അണിയറയില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് 200 അംഗ സംഘത്തെ. എല്ലാ ദിവസവും 24 മണിക്കൂറും മാധ്യമങ്ങളെ നിരീക്ഷിച്ച് മോഡിക്കും അമിത് ഷായ്ക്കുമെതിരായ വാര്‍ത്തകള്‍ കണ്ടെത്തി 'പരിഹാരം' നിര്‍ദേശിക്കലാണ് ഈ സംഘത്തിന്റെ ജോലിയെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തിനു തൊട്ടടുത്ത് സൂചനാ ഭവനിലെ പത്താം നിലയിലാണ് വിശാലമായ ഈ യുദ്ധമുറി പ്രവര്‍ത്തിക്കുന്നത്. മോഡിയുടെ അവകാശ വാദം പൊളിച്ച വാര്‍ത്താ പരിപാടി സംപ്രേഷണം ചെയ്ത ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി ന്യൂസിനെ സര്‍ക്കാരിലെ ഉന്നതര്‍ സമ്മര്‍ദ്ദത്തിലാക്കുകയും രണ്ടു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിന്റെ രഹസ്യ മാധ്യമ നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തന രീതി പുറത്തു വരുന്നത്. മോഡി വിരുദ്ധ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ സിഗ്നലുകള്‍ തടസ്സപെടുത്തി ഇടക്കിടെ സ്‌ക്രീന്‍ ബ്ലാക്കൗട്ട് ചെയ്യുന്നതിനു പിന്നിലും ഈ മാധ്യമ നീരീക്ഷണ സംഘത്തിനു പങ്കുണ്ടെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്.
നാലു വര്‍ഷമായി ഈ സംഘം പ്രവര്‍ത്തിച്ചു വരുന്നതായാണ് റിപോര്‍ട്ട്. എ.പി.ബി ന്യൂസ് വിവാദം ഉയര്‍ന്നതോടെ ഈ സംഘത്തിന്റെ പ്രവര്‍ത്തനവും ഉന്നതരുടെ നിരീക്ഷണത്തിലായിരിക്കുന്നുവെന്നും ദി വയര്‍ റിപോര്‍ട്ട് പറയുന്നു. ഈ സംഘത്തിലെ അംഗങ്ങള്‍ക്ക് ഓഫീസില്‍ മൊബൈല്‍ ഫോണു പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ പാടില്ല. ആദ്യമായാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഓഫീസിലെ പ്രവേശ കവാടത്തില്‍ ഓരോരുത്തരുടേയും ഫോണുകള്‍ പിടിച്ചു വയ്ക്കുന്നതാണ് പുതിയ രീതി. എ.ബി.പി ന്യൂസിനെതിരായ സര്‍ക്കാര്‍ നീക്കം ഈ സംഘത്തില്‍ നിന്നാണ് ചോര്‍ന്നതെന്ന സംശയമാണ് ഈ നിയന്ത്രണത്തിനു കാരണം. വര്‍ഷങ്ങളായി സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും സംഘത്തിലെ അംഗങ്ങള്‍ക്ക് ആറു മാസ തൊഴില്‍ കരാറിലാണ് ജോലി. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോള്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കണമെന്നും ശമ്പള വര്‍ധനയും ആവശ്യപ്പെട്ടു രംഗത്തു വന്നട്ടിമുണ്ട്.
എന്താണ് ഈ സംഘം ചെയ്യുന്നത്?
പ്രധാനമന്ത്രി മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സംബന്ധിച്ച് ദിവസവും ചാനലുകളില്‍ വരുന്ന വാര്‍ത്തകളും പരിപാടികളും ചര്‍ച്ചകളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ രണ്ടു പേരേയും ഏതൊക്കെ രീതീയില്‍ ഏതെല്ലാം ചാനലുകള്‍ അവതരിപ്പിക്കുന്നു എന്നതു സംബന്ധിച്ച് ദിവസവും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയും വേണം. മോഡിയേയും അമിത് ഷായെയും എത്ര സമയം കാണിക്കുന്നു, അനുകൂലമാണോ, പ്രതികൂലമാണോ എന്നെല്ലാം സംഘം നീരീക്ഷിക്കും.
മോഡിയും ഷായും പറയുന്നത് ചാനലുകള്‍ എങ്ങനെ കാണിക്കുന്നു, അവര്‍ എന്തു പറയുന്നു. ഏതൊക്കം വിഷയങ്ങളാണ് ചാനലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ആരൊക്കെ, ആരാണ് മോഡി സര്‍ക്കാരിന് അനുകൂലമായി സംസാരിക്കുന്നത്, ആരാണ് എതിര്‍ക്കുന്നത് തുടങ്ങി എല്ലാ വശങ്ങളും വിശദമായി ഈ സംഘം പരിശോധിച്ച് റിപോര്‍ട്ട് ഉന്നതര്‍ക്കു നല്‍കും.
പ്രൈം ടൈം ചര്‍ച്ചകളില്‍ ചാനലുകള്‍ ചര്‍ച്ചയക്കെടുക്കുന്ന വിഷയങ്ങള്‍ വരെ ഈ സംഘം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്്. സര്‍ക്കാര്‍ നയങ്ങളെ കുറിച്ചാണെങ്കില്‍ ഇതു അതി സൂക്ഷ്മമായി തന്നെ പരിശോധിച്ച് വെവ്വേറെ റിപോര്‍ട്ടുകള്‍ തയാറാക്കും. ഏതെല്ലാം മാധ്യമപ്രവര്‍ത്തകരെ മേല്‍ കണ്ണു വേണമെന്നും സംഘത്തിന് നന്നായി അറിയാം. സര്‍ക്കാരിനോട് എത്രത്തോളം അനുകൂല സമീപനം പുലര്‍ത്തുന്നു എന്നതനുസരിച്ചാണ് ചാനലുകളെ ഇവര്‍ വേര്‍ത്തിരിക്കുന്നത്. സര്‍ക്കാരിനെ പുകഴ്ത്തുന്ന വാര്‍ത്താ ചാനലുകള്‍ 'വിശ്വസ്ഥര്‍' എന്ന ഗണത്തില്‍ വരും. മോഡിയുടെ മുഖം കാണിക്കാന്‍ മടിക്കുന്ന ചാനലുകള്‍ തൊട്ടു താഴെയും വരും. ഈ ചാനലുകള്‍ക്ക് സമയാസമയം വേണ്ട നിര്‍ദേശങ്ങള്‍ ഈ സംഘത്തില്‍ നിന്ന് പോയിക്കൊണ്ടിരിക്കും. മോഡിയുടെ മുഖം കുറച്ച് കൂടുതല്‍ സമയം കാണിക്കണം എന്നാവശ്യപ്പെട്ട് വളരെ സൗഹൃദപരമായ ഫോണ്‍ കോളുകളായിരിക്കും ലഭിക്കുക. തങ്ങള്‍ കൂടുതല്‍ കാണിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിട്ടും കാര്യമില്ല. എല്ലാം കൃത്യമായി ഈ സംഘത്തിനറിയാം. മോഡിയുടെ മുഖം കാണിക്കാന്‍ ചാനലുകള്‍ക്കിടയില്‍ ഒരു മത്സരം തന്നെ സൃഷ്ടിക്കുന്ന തരത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഇവരുടെ മുന്നറിയിപ്പു ഫോണ്‍ വിളികള്‍ ചാനലുകള്‍ അനുസരിച്ചില്ലെങ്കില്‍ അടുത്തതായി ഇവരുടെ വിളി പോകുക വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിലേക്കോ ബി.ജെ.പി ഓഫീസിലേക്കോ ആയിരിക്കും. ഏതെങ്കിലും ലൈവ് പരിപാടി വെട്ടിച്ചുരുക്കാനോ, ചര്‍ച്ചകള്‍ക്ക് വിഷയം നല്‍കാനോ ആയിരിക്കും ഈ വിളി.
അനുസരിക്കാത്ത ചാനലുകള്‍ക്ക് വീണ്ടും സൗഹൃദ സ്വരത്തിലുള്ള ഭീഷണി കോളുകള്‍ ലഭിക്കും. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമന്നാവശ്യട്ട് എഡിറ്റര്‍മാര്‍ക്ക് നേരിട്ടാണ് വിളി എത്തുക. കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ഇല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നുമുള്ള മുന്നറിയിപ്പും ഉണ്ടാകും. ഇവിടെയും ഫലിച്ചില്ലെങ്കില്‍ ഈ സംഘം ചാനല്‍ ഉടമകളെയാണ് പിന്നീട് ബന്ധപ്പെടുകയെന്നും റിപോര്‍ട്ടില്‍ പറയുന്നു.