Sorry, you need to enable JavaScript to visit this website.

അമിത് ഷായും മകനും വെട്ടില്‍; പുതിയ സാമ്പത്തിക തട്ടിപ്പ് ആരോപണം

ന്യൂദൽഹി- ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാക്കും മകൻ ജയ്ഷാക്കുമെതിരെ പുതിയ സാമ്പത്തിക ആരോപണം. രാജ്യസഭ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ അമിത് ഷാ മറച്ചുവെച്ചുവെന്ന ഗുരുതരമായ ആരോപണം കോൺഗ്രസ് ഉയർത്തി. ജയ് ഷായുടെ കുസും ഫിൻസെർവ് എൽഎൽപി എന്ന കമ്പനി വ്യാജരേഖകളുണ്ടാക്കി കൂടുതൽ തുക വായ്പ നേടിയെടുത്തുവെന്നാണ് ആരോപണം.  ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിൾ എന്റർെ്രെപസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാൽ ഈ ഇടപാടുകളിൽ ജയ് ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ പങ്ക് 2017-ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ നിന്ന് മറച്ചുവെച്ചതായി കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. 

2016ൽ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ (പ്രോപ്പർട്ടി) ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപൂർ കൊമേഴ്‌സ്യൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയം വച്ചിരുന്നു. ഇവിടെ നിന്ന് കുസും ഫിൻസെർവിന് വേണ്ടി 25 കോടി രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തു. 2016 മുതൽ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളിൽ നിന്നും ഒരു പൊതുമേഖല സ്ഥാപനത്തിൽ നിന്നുമായി ജയ് ഷായുടെ കമ്പനി 10.35 കോടി, 25 കോടി, 15 കോടി, 30 കോടി, 17 കോടി എന്നിങ്ങനെ വായ്പകൾ സംഘടിപ്പിച്ചു.  കുസും ഫിൻസെർവിനുള്ള ക്രെഡിറ്റ് 2017ൽ 300 ശതമാനത്തിനടുത്തേക്ക് ഉയർന്നു. ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടി രൂപയാണ്. ഷിലാജിലെ ഭൂമി വില അഞ്ച് കോടി എന്നാണ് അമിത് ഷാ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ മാർക്കറ്റ് വില അനുസരിച്ച് ചെറിയ പ്ലോട്ടിന്റെ വില 55 ലക്ഷം മാത്രമാണ്. ഈടുവച്ച മറ്റൊരു പ്രോപ്പർട്ടിയായ ബൊഡക്‌ദേവിലെ ഓഫീസ് സ്‌പേസിന്റെ വില രണ്ട് കോടി.

അഹമ്മദാബാദിലെ മൂന്ന് പ്രോപ്പർട്ടികളാണ് മകന്റെ സ്ഥാപനത്തിന് വായ്പ ലഭിക്കാനായി പണയം വച്ചത്. ഷിലാജിലെ രണ്ട് നിലങ്ങൾ, ബൊഡക്‌ദേവിലെ ഒരു കൊമേഴ്‌സ്യൽ കോംപ്ലക്‌സിലുള്ള ഓഫീസ് സ്‌പേസ് എന്നിവ. ഈ സ്ഥലത്തിന്റെ ഉടമസ്ഥത അമിത് ഷായുടെ പേരിലാണെങ്കിലും പവർ ഓഫ് അറ്റോണി ജയ് ഷായുടെ പേരിലും. ഒരാൾ ഒരു വസ്തു ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതിനായി പണയം വയ്ക്കുമ്പോൾ അയാൾ ഗാരണ്ടി നൽകുകയാണ് എന്ന് ഒരു ധനകാര്യ വിദഗ്ധനെ ഉദ്ധരിച്ച് കാരവാൻ പറയുന്നു. ലാഭവിഹിതം കിട്ടിയാലും ഇല്ലെങ്കിലും അയാൾ ഇതിലൂടെ ബിസിനസ് പങ്കാളിയാവുകയാണ്. അതായത് മകന്റെ ബിസിനസിൽ അമിത് ഷാ പങ്കാളിയാണ് എന്നർത്ഥം. ജനപ്രാതിനിധ്യ നിയമപ്രകാരം, പാർലമെന്റിലേയ്‌ക്കോ നിയമസഭകളിലേക്കോ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സ്വത്ത് വിവരങ്ങളും സാമ്പത്തിക ബാധ്യതകളും നാമനിർദ്ദേശ പത്രികയിൽ നിർബന്ധമായും വ്യക്തമാക്കിയിരിക്കണം. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് പത്രിക തള്ളാൻ കാരണമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാലും തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടും.

2017 ജൂലായിൽ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (ജിഐഡിസി) നിന്ന് സാനന്ദ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ 15,754.83 സ്‌ക്വയർ മീറ്റർ സ്ഥലം ജയ് ഷായുടെ കമ്പനി പാട്ടത്തിനെടുത്തു. ഈ വസ്തു പണയം വച്ച് 17 കോടി രൂപ 2018 ഏപ്രിലിൽ കോടക് മഹീന്ദ്രയിൽ നിന്ന് വാങ്ങി. നിലവിൽ ഈ പണയ ഭൂമിയിൽ ഒരു ഫാക്ടറിയുണ്ട്. 2016-17 സാമ്പത്തിക വർഷത്തെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് കുസും ഫിൻസെർവ് സമർപ്പിച്ചില്ല. 2017 ഒക്ടോബർ 30 ആയിരുന്നു അവസാന തീയതി. ഈ തീയതിക്കുള്ളിൽ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് നൽകാത്തത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ആക്ട് പ്രകാരം അഞ്ച് ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

അമിത് ഷാക്കെതിരെ നടപടി വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. എല്ലാക്കാലത്തും ഇത്തരം ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 

Latest News