കൊച്ചി- ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം മാത്രം ജനങ്ങളുള്ള കേരളത്തിലാണ് രാജ്യത്തെ പാസ്‌പോര്‍ട്ട് ഉടമകളില്‍ 11 ശതമാനവുമെന്ന് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് വരെയുള്ള കണക്കില്‍ ഇന്ത്യയിലെ ജനങ്ങളില്‍ 10.87 കോടി പേര്‍ക്കാണ് പാസ്‌പോര്‍ട്ടുള്ളത്. ഇതില്‍ 1.12 കോടിയും കേരളത്തിലാണ്.
പാസ്‌പോര്‍ട്ട് ഉടമകളില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ് ഇടം പിടിച്ചത്. മഹാരാഷ്ട്രയില്‍ 1.10 കോടി പേരാണ് പാസ്‌പോര്‍ട്ട് എടുത്തത്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം 15.07 ലക്ഷം പേരാണ് കേരളത്തില്‍ പാസ്‌പോര്‍ട്ട് എടുത്തത്. 2020ല്‍ 6,50,708, 2021ല്‍ 9,29,373, 2022ല്‍ 15,07,129, 2023 ഒക്േടാബര്‍ വരെ 12,85,682 എന്നിങ്ങനെയാണ് കേരളത്തില്‍ പാസ്‌പോര്‍ട്ട് എടുത്തവരുടെ എണ്ണം.
2014ല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ കുറഞ്ഞത് 21 ദിവസം വേണ്ടിയിരുന്ന സ്ഥാനത്ത് 2023 ആയപ്പോഴേക്കും ഇത് ആറു ദിവസമായി ചുരുങ്ങിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസം കുറഞ്ഞതും കൂടുതല്‍ പേര്‍ അപേക്ഷിക്കാന്‍ കാരണമായിട്ടുണ്ട്.
പാസ്‌പോര്‍ട്ട് ഉടമകളില്‍ മാത്രമല്ല കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണത്തിലും കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം വിദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.