ഹൂസ്റ്റണ്‍- അമേരിക്കയിലെ ഹൂസ്റ്റണില്‍ നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണ്‍ ബയൂവിന് സമീപമാണ് 79 കാരി സൗ എന്‍ഗുയെ നായയുടെ കടിയേറ്റ് മരിച്ചത്.
ഇവര്‍ സാധാരണയായി നടക്കാന്‍ പോകാറുണ്ടെന്നും ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടക്കാന്‍ പോയിരുന്നുവെന്നും തിരിച്ചെത്തിയില്ലെന്നും കുടുംബം പോലീസിനെ അറിയിച്ചിരുന്നത്. മക്കള്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. അയല്‍പക്കത്ത് താമസിക്കുന്ന ഒരു ബന്ധുവാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നായയുടെ കടിയേറ്റ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു.
പ്രദേശത്തെ വീടുകളില്‍നിന്ന് നായ്ക്കള്‍ ഇടയ്ക്കിടെ ചാടിപ്പോകാറുണ്ടന്നും ഇത് സാധാരണ സംഭവമാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ബുധനാഴ്ച നടക്കാനിറങ്ങിയപ്പോള്‍ നായ്ക്കളെ ശ്രദ്ധിക്കാന്‍ വയോധികയോട് പറഞ്ഞിരുന്നതായി അയല്‍വാസി പറഞ്ഞു. നായ്ക്കള്‍ കാരണം ഞങ്ങള്‍ക്ക് ഒരു ജീവന്‍ നഷ്ടപ്പെട്ടു-ഒരു അയല്‍ക്കാരില്‍ ഒരാള്‍ പറഞ്ഞു
അലഞ്ഞുതിരിയുകയായിരുന്ന ഏഴ് നായ്ക്കളെ പിടികൂടിയതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.
സൗവിന്റെ മരണം അന്വേഷണത്തിലാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.