Sorry, you need to enable JavaScript to visit this website.

മഹല്ല് പ്രസിഡണ്ടായി ഒരു മേനോനുണ്ടാകുമോ? അതെ അങ്ങനെയുമുണ്ട് ചരിത്രം


പഴയ പൊന്നാനി താലൂക്കിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബമായ വടക്കത്ത് തറവാട്ടില്‍ നിന്നും ഒരു മേനോന്‍ വയനാട്ടില്‍ മഹല്ല് പ്രസിഡണ്ടായ ചരിത്രം.

കഴിഞ്ഞ ദിവസം ചില വാട്‌സ് ആപ് ഗ്രൂപ്പുകളിലും, എഫ്.ബി യിലും വന്ന ഒരു മരണ അറിയിപ്പുകണ്ട് നിരവധി സുഹൃത്തുക്കള്‍ അന്വേഷിച്ച കാര്യമാണിത്. മുട്ടില്‍ സ്വദേശിയായിരുന്ന ശ്രീ.കളത്തില്‍ ദിവാകരന്റെ ചരമക്കുറിപ്പിനോടൊപ്പം, 'മുട്ടില്‍ മഹല്ലിന്റെ ആദ്യകാല പ്രസിഡണ്ട് രാധാഗോപിമേനോന്റെ പുത്രന്‍ ' എന്ന വിശേഷണം കണ്ടപ്പോഴായിരുന്നു കൗതുകപൂര്‍വമുള്ള ഈ അന്വേഷണങ്ങളത്രയും !

സംഗതി വാസ്തവമാണ്. , അത് നടന്നത് അഞ്ചാറ് പതിറ്റാണ്ടുകള്‍ക്കപ്പുറമാണെന്നു മാത്രം.

രാധാഗോപി മേനോന്‍ ജന്മം കൊണ്ട് വയനാട്ടുകാരനല്ല. മലപ്പുറം ജില്ലയിലെ ആനക്കരയില്‍ നിന്നാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. 1936 ല്‍ . മേപ്പാടിക്കടുത്ത ചെമ്പ്ര പീക്ക് ഉള്‍പ്പെടുന്ന മലനിരകളില്‍ പിയേഴ്‌സ് ലസ്ലി കമ്പനി സ്ഥാപിച്ച എസ്‌റ്റേറ്റില്‍ കണക്കെഴുത്തുകാരനായാണ് അ ദ്ദേഹത്തിന്റെ വരവ്. പിന്നീട് അതിന്റെ സബ് ഡിവിഷനായിരുന്ന  വാര്യാട് എസ്‌റ്റേറ്റില്‍ ജോലിക്കാരനായതോടെ മുട്ടിലില്‍ സ്ഥിര താമസമാക്കി. ആനക്കരയിലെ പ്രതാപശാലികളുടെ തറവാട്ടിലാണദ്ദേഹം ജനിക്കുന്നത്. മദ്രാസ് അസംബ്ലിയില്‍ നിയമമന്ത്രിയും , കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെ പത്‌നി എ.വി കുട്ടിമാളു അമ്മയുടെ സഹോദരനാണദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് കൈക്കുഞ്ഞുമായി ജയിലില്‍ പോയ കുട്ടിമാളുഅമ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രാധാ ഗോപിമേനോന്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. ബിരുദധാരിയായിരുന്ന അദ്ദേഹം മിതഭാഷിയും, സര്‍വസമ്മതനുമായിരുന്നു., തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും , ഗാന്ധിയന്‍ ആശയങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.

നല്ല ഈശ്വരവിശ്വാസിയായിരുന്ന മേനോന്‍ മുട്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മാത്രമല്ല ; മഹല്ല് കമ്മറ്റിയുടെയും സാരഥിയായിരുന്നു.!
നാട്ടിലെ മുസ്ലിം സമൂഹം തങ്ങളുടെ ജുമഅത്ത് പള്ളിയുടെ മുതവല്ലിയായി ( കൈകാര്യകര്‍ത്താവ് ) അദ്ദേഹത്തെ ഐകകണ്‌ഠേന അവരോധിച്ചു. വെള്ളിയാഴ്ചകളില്‍ പള്ളിയിലെത്തുന്ന വിശ്വാസികളെ പള്ളിയങ്കണത്തില്‍  സ സുസ്‌മേരവദനനായി വരവേറ്റിരുന്നത് , ആ മനുഷ്യ സ്‌നേഹിയായിരുന്നു.
മഹല്ലിന്റെ വരവുചെലവുകണക്കുകള്‍ അദ്ദേഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു.  മഹല്ല് നിവാസികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അദ്ദേഹം തീര്‍പ്പുകല്‍പിച്ചാല്‍ ആരും മറുത്തു പറഞ്ഞിരുന്നില്ല. പിന്നീട്
പൊതുരംഗത്തെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചതോടെ മഹല്ലിലെ പ്രമുഖരെ വിളിച്ചു ചേര്‍ന്ന് ഭരണം അവര്‍ക്കു കൈമാറി.

മുട്ടില്‍ ചെറുമൂലയില്‍ അദ്ദേഹം സ്ഥാപിച്ച  എ.യു.പി സ്‌കൂളാണ്
 വയനാട് മുസ്ലിം ഓര്‍ഫനേജിന് വിട്ടു കൊടുക്കുന്നത്. അര്‍ഹിക്കുന്ന കൈകളില്‍ തന്നെയാണ് തന്റെ കുഞ്ഞിനെ ഏല്‍പിക്കുന്നത് എന്നായിരുന്നു അന്നന്നെ അദ്ദേത്തിന്റെ പ്രതികരണം.

1989  ല്‍ തന്റെ 84  ആം വയസ്സിലാണ് അദ്ദേഹം മരിച്ചത്. കഴിഞ്ഞദിവസം അന്തരിച്ച അദ്ദേഹത്തിന്റെ മകന്‍ ദിവാകരനും, മറ്റൊരു മകന്‍ രാംദാസും 'വയനാടന്‍ ഗ്രാമങ്ങളിലെ ' മുട്ടിലിന്റെ ചരിത്രം തയ്യാറാക്കുന്നന്നതില്‍ നല്‍കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുന്നു.

    ( )

 

Latest News