ഇടുക്കി - പെന്ഷന് കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധ സൂചകമായി ഭിക്ഷയെടുത്ത മറിയക്കുട്ടിയെ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇടുക്കിയിലെ മറിയക്കുട്ടിയുടെ വസതിയിലെത്തിയ സുരേഷ് ഗോപി മറിയക്കുട്ടിയുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാര്‍ മറിയക്കുട്ടിക്കും അവരോടൊപ്പമുണ്ടായിരുന്ന അന്നക്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തെ പെന്ഷന് തുക ഇരുവര്‍ക്കും നല്‍കാമെന്നാണ് കൃഷ്ണകുമാര്‍ വാഗ്ദാനം ചെയ്തത്. അതേസമയം തനിക്കെതിരായ വ്യാജ വാര്‍ത്തയില്‍ സി പി എം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറിയക്കുട്ടി. ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും മകള്‍ വിദേശത്ത് ജോലി ചെയ്യുകയാണെന്നുമുള്ള വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.