ഗാസ- ജനങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് പറഞ്ഞ പ്രദേശങ്ങളിലേക്ക് കൂടി ഇസ്രായില്‍ ആക്രമണം വ്യാപ്പിക്കുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള നാല് പട്ടണങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായില്‍ ഫലസ്തീന്‍ സിവിലിയന്മാരോട് ഉത്തരവിട്ടു.
ഹമാസ് ഭരിക്കുന്ന ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ ഇപ്പോഴും തങ്ങളുടെ സൈന്യമുണ്ടെന്ന് ഇസ്രായില്‍ സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനുശേഷം കഴിഞ്ഞ ദിവസം സൈന്യം ആശുപത്രിയിലേക്ക് പ്രവേശിച്ചതിന് ശേഷം അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വ്യാഴാഴ്ച രാവിലെ അല്‍ശിഫയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബുധനാഴ്ച മുതല്‍ അതിനുള്ളിലെ ഡോക്ടര്‍മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലെ പ്രധാന തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ അറ്റത്തുള്ള ബാനി ഷുഹൈല, ഖുസാ, അബസ്സാന്‍, ഖരാറ എന്നീ പട്ടണങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായില്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിരിക്കയാണ്. ഇതിനായി വിമാനത്തില്‍ നിന്ന് ലഘുലേഖകള്‍ വിതറി. നേരത്തെ തന്നെ ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന പട്ടണങ്ങളില്‍ ഇപ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് ആളുകളുമുണ്ട.്
ഹമാസിനെതിരെ പ്രതിരോധ സേനക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് നിങ്ങളുടെ സുരക്ഷയ്ക്കായി താമസസ്ഥലം ഒഴിഞ്ഞ് അറിയാവുന്ന ഷെല്‍ട്ടറുകളിലേക്ക് പോണമെന്നാണ് ഇസ്രായില്‍ സൈന്യം വിതരണം ചെയ്തു ലഘുലേഖയില്‍ പറയുന്നത്.
ഒറ്റരാത്രികൊണ്ട് പ്രദേശത്ത് കനത്ത ബോംബാക്രമണമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.