ചെന്നൈ - സുപ്രിംകോടതി ഇടപെടലിന് ശേഷവും തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോരിന് അയവില്ല. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഒപ്പിടാതെ ഗവർണർ ആർ.എൻ രവി തിരിച്ചയച്ചു. ഇതേത്തുടർന്ന് എം.കെ സ്റ്റാലിൻ സർക്കാർ ശനിയാഴ്ചയിലേക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു.
ഗവർണർ തിരിച്ചയച്ച ബില്ലുകൾ പാസാക്കി വീണ്ടും ഗവർണർക്ക് അയച്ച് നിയമയുദ്ധം ശക്തമാക്കാനാണ് ഡി.എം.കെ സർക്കാറിന്റെ നീക്കം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ ഗവർണറെ രൂക്ഷമായി വിമർശമിച്ച കോടതി, നടപടി ഗൗരവകരമാണെന്നും ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാനും ഉത്തരവിട്ടിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരത്തിനായി എത്തുമ്പോൾ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിർദേശിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഹരജി നവംബർ 20-ലേക്ക് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. അന്ന് അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ കോടതിയിൽ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.