മുംബൈ- മുംബൈ നഗരസഭ നടത്തുന്ന ഒരു സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍, ഫോളിക് ആസിഡ് ഗുളികള്‍ കഴിച്ച 12 വയസ്സുകാരി വിദ്യാര്‍ത്ഥിനി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ മരുന്നില്‍ നിന്ന് വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ബയ്ഗന്‍വാഡിയില്‍ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. തിങ്കളാഴ്ചയാണ് ഗുളിക വിതരണം നടത്തിയത്. മരിച്ച കുട്ടി ദേഹാസ്വസ്ഥ്യം കാരണം പിന്നീട് രണ്ടു ദിവസം സ്‌കൂളിലെത്തിയില്ല. ബുധനാഴ്ച സ്‌കൂളില്‍ വന്നിരുന്നെങ്കിലും അവശയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം വീട്ടില്‍ രക്തം ഛര്‍ദിച്ചു മരിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് രക്തക്കുറവ്, വിരശല്യം തുടങ്ങിയവ തടയുന്നതിന് സ്‌കൂളില്‍ കുട്ടികള്‍ക്ക് മരുന്ന് വിതരണം നടത്തിയത്. മരുന്ന് വിതരണം നടത്തിയ ദിവസം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മരണ കാരണം ടി.ബി ആയിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് നേരത്തെ എന്തെങ്കിലും രോഗങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും അധികൃതര്‍ പറയുന്നു. ഒരു കുട്ടി മരിച്ചതോടെ മരുന്ന് കഴിച്ച 161 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും അവരെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ ചിലര്‍ക്ക് തലചുറ്റല്‍, ഛര്‍ദി എന്നീ ശാരീരികാസ്വസ്ഥതകള്‍ ഉണ്ട്. ആര്‍ക്കും ഗുരതര പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതു സാധാരണ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന മരുന്നുകളാണെന്നും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ അറിയൂവെന്നും അവര്‍ പറഞ്ഞു.