ജനീവ- ഗാസയിലെ അല്‍ ഷിഫ ഹോസ്പിറ്റലിലേക്കുള്ള ഇസ്രായില്‍ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
'ആശുപത്രികള്‍ യുദ്ധക്കളങ്ങളല്ല,' അദ്ദേഹം ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലെ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനക്ക് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രായില്‍ നിരസിക്കുകയാണ്. ഖത്തരി മധ്യസ്ഥര്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കരാറിന് ശ്രമിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹമാസ് 50 തടവുകാരെ മോചിപ്പിക്കുന്നതന് പകരമായി ഇസ്രായിലിന്റെ കസ്റ്റഡിയിലുള്ള ഫലസ്തീന്‍ വനിതകളേയും കുട്ടികളേയും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കരാറിന്റെ രൂപരേഖ ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇസ്രായില്‍ സമ്മതിച്ചിട്ടില്ലെന്നും ഇപ്പോഴും വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയിലെ ഇസ്രായില്‍ ആക്രമണങ്ങളെ കാനഡ വിമര്‍ശിച്ചു.