ന്യൂദല്‍ഹി- രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിച്ചു വരുന്ന ഏഴു പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചു കൊണ്ടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്.
27 വര്‍ഷമായി ഇവര്‍ തടവിലാണ്. വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ജുഡീഷ്യറി അടക്കം വിവിധ തലങ്ങളില്‍ വിഷയം പരിശോധിച്ചു തീര്‍പ്പു കല്‍പിച്ചതാണ്. പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ അര്‍ഹതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലുതും സമാനതകളില്ലാത്തുമായ കുറ്റകൃത്യമായിരുന്നു രാജീവ് ഗാന്ധി വധമെന്നാണ് ഇക്കാര്യം വിശദീകരിച്ച് തമിഴ്‌നാടിന് നല്‍കിയ മറുപടിയില്‍ കേന്ദ്രം വിശദീകരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ പോലും സ്തംഭിപ്പിച്ച കൊലപാതകമായിരുന്നു അത്. പൊതു തെരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും മാറ്റിവെക്കേണ്ടി വന്നു. നിരപരാധികളായ 16 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സ്ത്രീയെ മനുഷ്യ ബോംബായി ഉപയോഗിച്ചതിലൂടെ ഏറ്റവും നീചമായ കുറ്റകൃത്യമാണ് അരങ്ങേറിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ കത്തു നല്‍കിയത്.
2016 മാര്‍ച്ചിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം തമിഴ്‌നാട് ഉന്നയിച്ചത്. രണ്ടു വര്‍ഷമായി കേന്ദ്രം ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. വിഷയം സി.ബി.ഐയുമായി കൂടിയാലോചിച്ചുവെന്നും മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കുന്നു. ഒരു വിദേശ ഭീകര സംഘടനയുടെ ആസൂത്രണത്തിലാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ സി.ബി.ഐയും എതിര്‍പ്പു പ്രകടിപ്പിച്ചു. വിഷയം പരമോന്നത നീതിപീഠം പരിശോധിച്ചു കഴിഞ്ഞതാണ്. പ്രതികളുടെ കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞു കഴിഞ്ഞതാണെന്നും കേന്ദ്രം വിശദീകരിച്ചു.