പട്‌ന- മുസഫര്‍പുര്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ നീതിപൂര്‍വകമായ വിചാരണ നടക്കണമെങ്കില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ രാബ്രി ദേവി. സി.ബി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട വന്‍തോക്കുകളൊന്നും ഇനിയും പിടിയിലായിട്ടില്ല. നിതീഷ് അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഒരിക്കലും പുറത്തുവരില്ലെന്ന് സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ അദ്ദേഹം രാജിവെക്കണമെന്നും രാബ്രി ദേവി ആവശ്യപ്പെട്ടു. ജെ.ഡി.യുവിന്റേയും ബി.ജെ.പിയുടേയും നിരവധി നേതാക്കള്‍ മുസഫര്‍പൂര്‍ പീഡന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും കോടികളുടെ ശ്രിജന്‍ കുംഭകോണത്തിലെ പ്രതികളെ പിടികൂടാത്ത സി.ബി.ഐ അന്വേഷണം ചൂണ്ടിക്കാട്ടി രാബ്രി ദേവി പറഞ്ഞു.
നിതീഷ് കുമാറിന്റെ അന്തരാത്മാവ് ഉണര്‍ന്നെണീക്കാനാണ് ബിഹാര്‍ കാത്തിരിക്കുന്നത്. മുസഫര്‍പൂര്‍ സംഭവം രാജ്യത്താകെ ബിഹാറിനു പേരുദോഷം ഉണ്ടാക്കിയിരിക്കയാണ്. നിതീഷ് കുമാറിന്റെ പ്രതിഛായയും തകര്‍ന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബിഹാര്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്. മുഖ്യപ്രതിയായ ബ്രജേഷ് താക്കൂറിന് മുന്‍ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കെ, എന്തുകൊണ്ടാണ് മഞ്ജു വര്‍മയെ അറസ്റ്റ് ചെയ്യാത്തതെന്ന് രാബ്രി ദേവി ചോദിച്ചു. പ്രതിപക്ഷം അടങ്ങിയിരിക്കില്ലെന്നും പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.