Sorry, you need to enable JavaScript to visit this website.

മന്ത്രിമാരുടെ എണ്ണം കൂട്ടുന്നത് കൊണ്ട്  സാമ്പത്തിക ബാധ്യത ഏറുന്നില്ല -കോടിയേരി 

സി.പി.എം സെക്രട്ടറിയേറ്റിനു ശേഷം പുറത്തിറങ്ങിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയുക്ത മന്ത്രി ഇ.പി.ജയരാജനും സംഭാഷണത്തിൽ. 

തിരുവനന്തപുരം- മന്ത്രിമാരുടെ വകുപ്പ് മാറ്റം അവരുടെ പ്രവർത്തനം മോശമായതുകൊണ്ടോ പാർട്ടിക്ക് അതൃപ്തിയുള്ളത് കൊണ്ടോ അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമാണ്. ഒരു മന്ത്രിയിലും അവിശ്വാസമില്ല. അങ്ങനെയുണ്ടെങ്കിൽ ആ മന്ത്രിയെ മാറ്റുന്നതാണ് സി.പി.എമ്മിന്റെ രീതി. ഇവിടെ ആരെയും മാറ്റുന്നില്ല. പുതിയൊരു മന്ത്രിയെ കൂടി ഉൾപ്പെടുത്തുമ്പോൾ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിൽ നിന്ന് തന്നെ വകുപ്പുകളും കണ്ടെത്തേണ്ടതുണ്ട്. അതിന് അനുസരിച്ചുള്ള ക്രമീകരണമാണ് വരുത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുന്നത്. 
മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുള്ളത് കൊണ്ട് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ല. ഏത് ജോലിയും നന്നായി ചെയ്യാൻ കഴിയുന്ന സഖാവാണ് പിണറായി വിജയൻ. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ ജില്ലകളുടെ പ്രാതിനിധ്യം നോക്കാറില്ല. മന്ത്രിമാരില്ല എന്നത് കൊണ്ട് ഏതെങ്കിലും ജില്ലക്ക് അർഹമായത് കിട്ടാതിരുന്നിട്ടില്ല. കേരളത്തിനാകെ വേണ്ടി പ്രവർത്തിക്കാനാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. 
മന്ത്രിമാരുടെ എണ്ണം കൂട്ടുന്നത് കൊണ്ട് വലിയ സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകുന്നില്ല. 
യു.ഡി.എഫിന്റെ കാലത്ത് 21 മന്ത്രിമാരുണ്ടായിരുന്നു. സി.പി.ഐക്ക് പുതിയ മന്ത്രിപദവിയുണ്ടാകില്ല. ചീഫ് വിപ്പ് സ്ഥാനവും കാബിനറ്റ് റാങ്കും നൽകുന്നതിനോട് സി.പി.എമ്മിന് എതിർപ്പില്ല. എൽ.ഡി.എഫ് യോഗമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. മന്ത്രിമാരുടെ വകുപ്പുകൾ പാർട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയല്ല. പാർട്ടിയുടെ നിർദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. എൽ.ഡി.എഫ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. 
സ്പീക്കറുടെ പ്രവർത്തനം മികച്ചതാണ്. കേരളം കണ്ടതിൽ വെച്ചേറ്റവും മികച്ച സ്പീക്കർമാരിലൊരാളാണ് പി.ശ്രീരാമകൃഷ്ണൻ. നിയമസഭാ പ്രവർത്തനത്തിനപ്പുറം കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നുണ്ട്. വി.എസ്.അച്യുതാനന്ദന് കാബിനറ്റ് റാങ്ക് നൽകിയതുകൊണ്ട് ആർക്കും എതിർപ്പില്ല. വി.എസിനെ പോലെ മുതിർന്ന ഒരു നേതാവിനെ ആദരിക്കുന്നതിന്റെ ഭാഗമാണിത്. അദ്ദേഹത്തിന് എന്ത് പദവി നൽകിയാലും കേരളം അത് അംഗീകരിക്കും. ആർ.ബാലകൃഷ്ണപിള്ള നേരത്തെയും മുന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാനായപ്പോൾ കാബിനറ്റ് റാങ്കുണ്ടായിരുന്നു. വ്യക്തികളെ കൂടി നോക്കിയാണ് കാബിനറ്റ് റാങ്ക് നൽകുന്നത്. 

Latest News