ഡെറാഡൂൺ (ഉത്തരാഖണ്ഡ്) - ഉത്തരകാശിയിലെ തുരങ്ക തകർച്ചയിലെ രക്ഷാപ്രവർത്തനം നാലാം ദിവസത്തിലെത്തിയിട്ടും തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആരെയും പുറത്തെത്തിക്കാനായില്ല. 40 പേരും സുരക്ഷിതരാണെന്നാണ് റിപോർട്ടുകൾ. ഇവരെ രക്ഷിക്കാനുള്ള ഊർജിത ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
ഇന്നലെ രാത്രി വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ പുതിയ വഴിയൊരുക്കുകയാണ് അധികൃതർ. നേരത്തെ നിർമിച്ച ഓഗർ ഡ്രില്ലിംഗ് മെഷീനും പ്ലാറ്റ്‌ഫോമും പൊളിച്ചുമാറ്റി, പുതിയ ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കുന്നതിനായി പ്ലാറ്റ്‌ഫോം നിരപ്പാക്കുന്ന ജോലികളാണിപ്പോൾ പുരോഗമിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ പൈപ്പ് തള്ളി തൊഴിലാളികളെ രക്ഷിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഒരുക്കുന്നത്. 900 എം.എം പൈപ്പിലൂടെ തൊഴിലാളികൾക്ക് കടന്നുപോകാനാവുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാറ്റ്‌ഫോം ബലപ്പെടുത്തുന്നതിനുള്ള കോൺക്രീറ്റ് ജോലികളും പുരോഗമിക്കുകയാണ്. പൈപ്പും ഡ്രില്ലിംഗ് മെഷീനുകളും കയറ്റിയ ട്രക്കുകൾ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളാണ് സ്ഥലത്തുള്ളത്.
ഡ്രില്ലിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് 800, 900 മില്ലിമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ ഒന്നിനു പിറകെ ഒന്നായി അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് കയറ്റി, തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള പാതയാണ് ഒരുക്കുന്നത്. നിലവിൽ ട്യൂബുകളിലൂടെ ഓക്‌സിജൻ, വെള്ളം, ഭക്ഷണ പാക്കറ്റുകൾ, മരുന്നുകൾ എന്നിവ നൽകുന്നുണ്ടെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
നാലര കിലോമീറ്റർ വരുന്ന തുരങ്കത്തിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നത്. ഹൊറിസോണ്ടലായി പൈപ്പ് തുളച്ച് പൈപ്പുകൾ അവശിഷ്ടങ്ങൾക്കിടയിലൂടെ തള്ളി തൊഴിലാളികളെ രക്ഷിക്കാനുള്ള ഓഗർ മെഷീൻ പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കുന്നത്. രക്ഷാപ്രവർത്തകർ വോക്കി ടോക്കീസ് ഉപയോഗിച്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒരു സ്‌ക്രാപ്പ് പേപ്പറിലെ കുറിപ്പ് വഴിയാണ് ആദ്യം ബന്ധപ്പെട്ടത്. പിന്നീട് രക്ഷാപ്രവർത്തകർക്ക് റേഡിയോ ഹാൻഡ്‌സെറ്റുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യാനായെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ, രക്ഷാപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് രക്ഷാപ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ അപകടസ്ഥലത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി. 'എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അധികം വൈകാതെ പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന്' ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റുഹേല മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, 'ഞങ്ങളുടെ സഹപ്രവർത്തകരെ ഉടൻ രക്ഷിക്കൂ...' എന്ന മുദ്രാവാക്യവുമായി തൊഴിലാളികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്.
ബ്രഹ്മഖൽ യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ച പുലർച്ചെയാണ് തകർന്നുവീണത്. തുരങ്കം, സിൽക്യാരയുടെ അറ്റത്ത് നിന്ന് 2,340 മീറ്ററും ദണ്ഡൽഗാവിന്റെ ഭാഗത്ത് നിന്ന് 1,750 മീറ്ററുമാണ് നിർമിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ഇരുവശങ്ങൾക്കുമിടയിൽ 441 മീറ്റർ നീളമാണ് ഇനി നിർമിക്കാനുള്ളത്. ഇത് പൂർത്തിയായാൽ 26 കിലോ മീറ്റർ ദൂരം കുറയുമെന്നാണ് പറയുന്നത്. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് തുരങ്ക തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപോർട്ടിലുള്ളത്.