ആഗ്ര- വിഷം കലര്‍ന്ന ഏത്തപ്പഴം കഴിച്ച് പിതാവും മൂന്ന് മക്കളും മരിച്ച നിലയില്‍. വിഷം ചേര്‍ത്ത് നല്‍കി മൂന്ന് മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാണെന്ന് സംശയമുണ്ട്. ആഗ്രയിലെ ഷംസാബാദ് പ്രദേശത്താണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനു ശേഷം ദുരിതത്തിലും പട്ടിണിയിലുമായി കഴിഞ്ഞിരുന്ന മാന്‍ സിംഗ് എന്നയാളും മൂന്ന് മക്കളുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ദീര്‍ഘകാലം അസുഖബാധിതയായി കിടന്ന ശേഷമാണ് താജ്ഗഞ്ചിലെ ശ്യാമോ സ്വദേശിനിയായ ഭാര്യ റീന രണ്ടുവര്‍ഷം മുമ്പ് മരിച്ചത്. ഇതിനു ശേഷം മാന്‍ സിംഗും മക്കളും റീനയുടെ മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
വ്യാഴാഴ്ച രാത്രി ഏത്തപ്പഴം വാങ്ങിവന്ന സിംഗ് കുട്ടികള്‍ക്ക് നല്‍കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മാന്‍സിംഗും മക്കളും അവരുടെ മുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ മരിച്ച ശേഷം ഇയാള്‍ വളരെ ദുഃഖിതനായിരുന്നുവെന്നും ഇതിനുമുമ്പും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു.
അതേസമയം, പഴത്തില്‍ വിഷം ചേര്‍ത്തു നല്‍കിയെന്ന വാദത്തെ പ്രദേശത്ത് സാമുദായിക സൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഹിന്ദുസ്ഥാനി ബിരാദരി നേതാവ് വിശാല്‍ ശര്‍മ ചോദ്യം ചെയ്യുന്നു. നേന്ത്രപ്പഴവും മറ്റു പഴങ്ങളും പെട്ടെന്ന് പാകമാക്കാന്‍ ഉപയോഗിക്കുന്ന മാരക രാസവസ്തുവായ കാത്സ്യം കാര്‍ബൈഡാകാം മരണകാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. നേന്ത്രപ്പഴം കഴിച്ച് അസുഖം ബാധിക്കുകയും പിന്നാലെ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേന്ത്രപ്പഴം വേഗം പഴുപ്പിക്കുന്നതിനാണ് രാസവസ്തു ഉപയോഗിക്കുന്നത്. പഴങ്ങളില്‍നിന്ന് അകലെയാണ് സാധാരണഗതിയില്‍ കാത്സ്യം കാര്‍ബൈഡ് വെക്കാറുള്ളതെങ്കിലും അത് പഴത്തില്‍ ചേരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കയാണെന്നും പരിശോധനാ ഫലം കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ കാരണം അറിയാനാകൂ എന്നുമാണ് ഡിവൈ.എസ്.പി ഉദയ് രാജ് സിംഗ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ വാഴപ്പഴത്തില്‍ വിഷം കണ്ടെത്തിയിട്ടുണ്ട്. മാന്‍ സിംഗ് ചേര്‍ത്തതാണോ അതോ പഴത്തില്‍തന്നെ ഉണ്ടായിരുന്നതാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.