തിരുവനന്തപുരം - പണം തട്ടുന്ന ലോണ്‍ ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു. പണം തട്ടുന്ന ലോണ്‍ ആപ്പുകള്‍ ഉള്‍പ്പടെ 172 ആപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയത്. സൈബര്‍ പൊലിസ് ഡിവിഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐ ടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്. ലോണ്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ നേരത്തെ ഉന്നതലയോഗം മുന്‍പ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. റിസര്‍വ് ബാങ്ക്, ധന-ഐടി മന്ത്രാല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ആപ്പുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതടക്കം നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.