Sorry, you need to enable JavaScript to visit this website.

റഫാല്‍ ഇടപാട്: സോണിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ റഫാല്‍ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. യു.പി.എ ചെയര്‍പേഴ്‌സന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു. റഫാല്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് എം.പിമാര്‍ക്കൊപ്പം സി.പി.ഐ, സി.പി.എം, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഡി.പി എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയമിക്കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിലും ആവശ്യപ്പെട്ടു. റഫാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നതായി പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി. എന്നാല്‍, ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നായിരുന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ പറഞ്ഞത്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയെന്നു സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ തെളിവുകളില്ല. അത്തരം വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വിജയ് ഗോയല്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷ ബഹളത്തില്‍ പിരിഞ്ഞ രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. തുടര്‍ന്ന് സഭ 2.30 വരെ പിരിച്ചുവിട്ടു. ലോക്‌സഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തി.

 

Latest News