മുസഫര്‍നഗര്‍-ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ലൈംഗിക പീഡനത്തിനരയായ 16 വയസ്സായ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കേസ് പിന്‍വലിക്കാന്‍ പ്രതി പെണ്‍കുട്ടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ജിന്‍ജാന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.
താലിബ് എന്നയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. താലിബിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
തനിക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കാന്‍ താലിബ് മകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി താലിബിനെതിരെ കേസെടുത്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഒ.പി സിംഗ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.