Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന സി പി എം നേതാവ് എന്‍ ശങ്കരയ്യ നിര്യാതനായി, വിട പറഞ്ഞത് സി പി എം സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍

ചെന്നൈ - സി പി എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുതിര്‍ന്ന സി പി എം നേതാവ് എന്‍ ശങ്കരയ്യ(102) നിര്യാതനായി. പനിയും ശ്വാസതടസ്സവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏതാനും വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 1964 ഏപ്രില്‍ 11ന് സി പി ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വി.എസ് അച്യുതാനന്ദനൊപ്പം ഇറങ്ങി വന്ന് സി പി എമ്മിന് രൂപം നല്‍കിയ 32 പേരില്‍ ഒരാളാണ് അദ്ദേഹം. ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സി പി എംകേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967, 1977, 1980 വര്‍ഷങ്ങളില്‍ സി പി എം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1941ല്‍ മധുര അമേരിക്കന്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യമായി അറസ്റ്റിലാകുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കുകയായിരുന്നു. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ.

 

Latest News