Sorry, you need to enable JavaScript to visit this website.

തെരുവുനായ കടിച്ചാല്‍ ഓരോ പല്ലടയാളത്തിനും  10,000 രൂപ നഷ്ടപരിഹാരം- ഹൈക്കോടതി

ചണ്ഡീഗഢ്- തെരുവുനായ കടിച്ചാല്‍ ഓരോ പല്ലടയാളത്തിനും കടിയേറ്റയാള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞത് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ്. കടിയേറ്റ് മാംസം പുറത്തുവന്ന മുറിവിന് 0.2 സെന്റീമീറ്റര്‍ ആഴമുണ്ടെങ്കില്‍ 20,000 രൂപ നല്‍കണം.നായകള്‍, കന്നുകാലികള്‍ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ ആക്രമിക്കുന്ന കേസുകളില്‍ ജനത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ 'പ്രാഥമിക ഉത്തരവാദിത്വ'മാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള 193 ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവുമൃഗങ്ങളുടെ ആക്രമണത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചാബ്, ഹരിയാണ, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കാനും കോടതി നിര്‍ദേശിച്ചു. നായ, പശു, കാള, പോത്ത്, കഴുത, കാട്ടുമൃഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഒക്ടോബറില്‍ വാഖ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ പരാഗ് ദേശായിയുടെ മരണത്തിനുശേഷം തെരുവുനായകളുടെ ആക്രമണം വീണ്ടും വലിയചര്‍ച്ചയായിരുന്നു. തെരുവുനായകള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഓടുന്നതിനിടെ നിലത്തുവീണ അദ്ദേഹം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാണ് മരിച്ചത്.

Latest News